Connect with us

Malappuram

ബണ്ട് തകര്‍ന്ന തിരുത്തുമ്മലില്‍ ഇ ടി സന്ദര്‍ശനം നടത്തി

Published

|

Last Updated

ചങ്ങരംകുളം: പൊന്നാനി കോള്‍മേഖലയില്‍ ബണ്ട് തകര്‍ന്ന് കൃഷിയിടത്തില്‍ വെള്ളം കയറിയ തുരുത്തുമ്മല്‍ കോള്‍പടവില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി സന്ദര്‍ശനം നടത്തി. കോള്‍മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രധാന്യം നല്‍കുമെന്നും തകര്‍ന്ന ബണ്ടുകള്‍ ഉടന്‍ തന്നെ പുനര്‍മിച്ചു നല്‍കുമെന്നും ഇ ടി പറഞ്ഞു. ബണ്ടു തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും കര്‍ഷകര്‍ കൃഷിയിറക്കാന്‍ തയ്യാറാകണമെന്നും ഇ ടി മുഹമ്മദ് ബശീര്‍ എം പി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ പൊന്നാനി കോള്‍ മേഖലയിലെ നാലു കോള്‍പടവുകളില്‍ ബണ്ട്തകര്‍ന്ന് കൃഷിയിടത്തില്‍ വെള്ളം കയറിയിരുന്നു. പമ്പിംഗ് പൂര്‍ത്തിയായി കൃഷിയിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബണ്ട് തകര്‍ന്നത്. ബണ്ട് തകര്‍ച്ചയെ തുടര്‍ന്ന് തുരുത്തുമ്മല്‍, തെക്കേകെട്ട്, എടപ്പാള്‍ മാടായി, പുതുക്കോള്‍ പടവുകളിലായി ആയിരത്തോളം ഏക്കര്‍ കൃഷിയിടത്തിലാണ് വെള്ളം കയറിയത്. ഇവിടെ കൃഷിക്ക് പാകമായ ഞാറ്റടികളും വെള്ളത്തില്‍ മുങ്ങി നശിച്ചിരുന്നു. അന്‍പത് ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിട്ടത്. പി ടി അജയ്‌മോഹന്‍, കോള്‍ സംരക്ഷണസമിതി ഭാരവാഹികളായ ജയാനന്ദന്‍, എന്‍ ആലിക്കുട്ടി ഹാജി, കെ എല്‍ ഡി സി ഉദ്യോഗസ്ഥരും എം പിയോടൊപ്പം ഉണ്ടായിരുന്നു.