Connect with us

Malappuram

പുതുവര്‍ഷത്തില്‍ ഭീകര വിരുദ്ധ സേനക്ക് അരീക്കോട്ട് താവളമൊരുങ്ങും

Published

|

Last Updated

അരീക്കോട്: പുതുവര്‍ഷത്തില്‍ ഭീകര വിരുദ്ധ സേനക്ക് അരീക്കോട്ട് താവളമൊരുങ്ങും. അരീക്കോട്ടെ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എം എസ് പി) ക്യാമ്പാണ് കേരളാ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ ആസ്ഥാനമായി മാറ്റുന്നത്. ജനുവരി ഒന്നു മുതല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കമാകും.
എം എസ് പി ക്യാമ്പിലെ ആയുധങ്ങള്‍, ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങിയവ കോഴിച്ചെന കാമ്പ്യലേക്ക്് മാറ്റുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. എഡിജിപി ശങ്കര്‍ റെഡ്ഡി, ക്യാറ്റ്‌സ് നോഡല്‍ ഓഫീസര്‍ എഡിജിപി ദിനേന്ദ്ര കശ്യാപ്, ജില്ലാ പോലീസ് മേധാവി ദീപേഷ്‌കുമാര്‍ ബെഹ്‌റ എന്നിവരാണ് ക്യാമ്പ് കൈമാറ്റത്തിന് നേതൃത്വം നല്‍കുന്നത്. തീവ്രവാദ, നക്‌സല്‍, മാവോയിസ്റ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ രൂപവത്കരിച്ച ആന്റിടെററിസ്റ്റ്, തണ്ടര്‍ബോള്‍ട്ട് കമാഡോകള്‍ ഉള്‍പ്പെടുന്നതാണ് ക്യാറ്റ്‌സ്. കേരളാ പൊലീസിലെ വിദഗ്ധ പരിശീലനം ലഭിച്ച 1500 പേരാണ് ക്യാറ്റ്‌സിലുള്ളത്. ക്യാറ്റ്‌സിന്റെ മുഴുവന്‍ സമയ പരിശീലന കേന്ദ്രമാണ് അരീക്കോട് തുടങ്ങുന്നത്, ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച എം എസ് പി ക്യാമ്പിലെ ബാരക്കുകളും മറ്റു സൗകര്യങ്ങളും സേനയുടെ പരിശീലനത്തിന് അനുയോജ്യമാണെന്നു കണ്ടതിനാലാണ് ക്യാറ്റ്‌സ് കേന്ദ്രമായി അരീക്കോടിനെ തിരഞ്ഞെടുത്തത്. നക്‌സല്‍ ഭീഷണിയുള്ള വയനാട്, നിലമ്പൂര്‍ വന മേഖലകളിലേക്ക് സേനയെ എളുപ്പത്തില്‍ എത്തിക്കുന്നതിനും ചാലിയാറിനെ പരിശീലനത്തിനായി ഉപയോഗപ്പെടുത്താമെന്നതുമാണ് അരീക്കോടിനെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച ഘടകങ്ങള്‍. ക്യാറ്റ്‌സ് പരിശീലനത്തിനുള്ള ആയുധങ്ങള്‍, പരിശീലന ഉപകരണങ്ങള്‍ വാഹനങ്ങള്‍ തുടങ്ങിയവ ഈ മാസാവസാനം ക്യാമ്പിലെത്തിക്കും. ജനുവരി രണ്ടാം വാരത്തില്‍ തന്നെ ക്യാറ്റ്‌സിന്റെ ആദ്യ കമാന്‍ഡോ സംഘം ക്യാമ്പിലെത്തും. ക്യാറ്റ്‌സിന്റെ പരിശീലന കേന്ദ്രമാകുന്നതോടെ എം എസ് പി ക്യാമ്പ് അരീക്കോട്ടെ പൊതുജനങ്ങള്‍ക്ക് അന്യമാകുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എംഎസ്പി ക്യാമ്പിലെ വിശാലമായ കളിസ്ഥലവും ആശുപത്രിയും വഴിയും പൊതുജനങ്ങള്‍ക്കുപയോഗിക്കാന്‍ ഇനി അവസരമുണ്ടാവില്ലെന്നതാണ് ആക്ഷേപത്തിനു കാരണം. സ്‌കൂള്‍ കായികമേള, കേരളോത്സവം പോലുള്ള മറ്റു കായിക മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവക്കെല്ലാം എംസ്പി ക്യാമ്പിലെ ഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. ക്യാമ്പിലെ ആശുപത്രിയിലെ സൗജന്യ ചികിത്സ സൗകര്യവും നാട്ടുകാര്‍ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ഒ വി വിജയന്റെ സ്മരണാര്‍ഥം ജനമൈത്രി പോലീസ് ക്യാമ്പിനകത്ത് വെച്ച് സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ക്യാറ്റ്‌സിന്റെ കേന്ദ്രമാകുന്നതതോടെ ഇത്തരം പരിപാടികള്‍ക്ക് വേദിയാവാന്‍ ക്യാമ്പ് അനുവദിച്ചു കിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest