Connect with us

Kozhikode

റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം: കേളികൊട്ടുയര്‍ന്നു

Published

|

Last Updated

കുന്ദമംഗലം: കേരളീയ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചകളുമായി കോഴിക്കോടിന്റെ മനസ്സ് നിറച്ച് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കേളികൊട്ടുയര്‍ന്നു. കലയും സംസ്‌കാരവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്ന കോഴിക്കോടിന് ഇനി നാല് രാപകലുകള്‍ കൗമാരോത്സവത്തിന്റെ ആഘോഷരാവുകള്‍. സംഘാടനാ പിഴവിലും തുടക്കത്തിന്റെ ആലസ്യത്തിനും വൈകിയുണര്‍ന്ന വേദിയിലേക്ക് പിന്നെ കലാസ്വാദകരുടെ ഒഴുക്കായിരുന്നു. കുന്ദമംഗലത്തെ മത്സരം നടന്ന ഏഴ് വേദികളിലും ഒരുപോലെ കാണികളെത്തി.
കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം കേരള നടനത്തോടെയാണ് വേദിയുണര്‍ന്നത്. രണ്ടാം വേദിയില്‍ കഥകളി സംഗീതവും മൂന്നാം വേദിയില്‍ ചെണ്ടയും ആദ്യ മത്സര ഇനങ്ങളായി. നാലാം വേദിയില്‍ നടന്ന ചാക്യാര്‍ കൂത്തിനും ഏറെ ആസ്വാദകരാണെത്തിയത്. ആദ്യ ദിനത്തിലെ 32 ഇനങ്ങളിലെ മത്സര ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് മുന്നില്‍. 43 പോയിന്റുമായി കോഴിക്കോട് സിറ്റിയും 34 പോയിന്റുമായി ചേവായൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 21 പോയിന്റുമായി കോഴിക്കോട് റൂറലാണ് മുന്നില്‍. 19 പോയിന്റുള്ള കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 18 പോയിന്റുള്ള ചേവായൂര്‍ മൂന്നാം സ്ഥാനത്തുമാണ്. യു പി വിഭാഗത്തില്‍ 16 പോയിന്റുമായി ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് മുന്നില്‍. 15 പോയിന്റുള്ള തോടന്നൂര്‍, 14 പോയിന്റുള്ള വടകര ഉപജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തിയതോടെയാണ് മത്സര പരിപാടികള്‍ക്ക് തുടക്കമായത്. കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സീനത്ത്, സ്ഥിര സമിതി അധ്യക്ഷന്‍ ഖാലിദ് കിളിമുണ്ട, ഒ സലീം, അഡ്വ. പി ചാത്തുകുട്ടി, ഡി ഇ ഒമാരായ യു കരുണാകരന്‍, പി എസ് ശ്രീലത, ഹുസൈന്‍ ഒളോങ്ങല്‍, ബാബുമോന്‍, കെ വി വിജയാനന്ദന്‍, കെ അബ്ദുലത്വീഫ്, ഫൈസല്‍ പടനിലം സംബന്ധിച്ചു. ഇന്ന് മല്‍സരങ്ങളില്ല. മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിക്കും. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിക്കും. നാളെ മുതല്‍ 15 വേദികളിലും മത്സര പരിപാടികള്‍ അരങ്ങേറും.

Latest