ധര്‍മപ്പോരാളികളെ വരവേല്‍ക്കാന്‍ ഏറനാടിന്റെ ആസ്ഥാന നഗരി ഒരുങ്ങി

Posted on: December 28, 2014 4:43 am | Last updated: December 27, 2014 at 11:45 pm

sys logoമഞ്ചേരി: മലപ്പുറം താജുല്‍ ഉലമാ നഗരിയില്‍ നടക്കുന്ന എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തെ വരവേല്‍ക്കാന്‍ 60 ദിനരാത്രങ്ങള്‍ മാത്രം അവശേഷിക്കേ സമ്മേളന സന്നദ്ധ സംഘം സ്വഫ്‌വ ഇന്ന് ഏറനാടിന്റെ ആസ്ഥാന നഗരിയില്‍ സംഗമിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകരെയും അനുഭാവികളെയും മുഴുവന്‍ സര്‍ക്കിളുകളില്‍ നിന്നെത്തുന്ന അയ്യായിരത്തോളം വരുന്ന സ്വഫ്‌വ അംഗങ്ങളെയും സ്വീകരിക്കാന്‍ അഹ്‌ലുസ്സുന്നയുടെ ചരിത്രത്തില്‍ കരുത്ത് തെളിയിച്ച ഏറനാടിന്റെ ആസ്ഥാന നഗരി സജ്ജമായി. മഞ്ചേരി ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം പ്രഖ്യാപന സമ്മേളനത്തേയും സ്വഫ്‌വ റാലിയേയും ചരിത്രസംഭവമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി സജ്ജീകരിച്ചിരിക്കുന്നത്. കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രത്യേക കോട്ട് ധരിച്ച് പതാകയേന്തിയ കര്‍മഭടന്മാരുടെ മാര്‍ച്ച് ആരംഭിക്കുക. ഇവിടെ ദൂരദിക്കുകളില്‍ നിന്നെത്തുന്ന സ്വഫ്‌വ അംഗങ്ങള്‍ക്ക് അംഗശുദ്ധി വരുത്താനും നിസ്‌കരിക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മലപ്പുറം റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി കടന്നു പോകുന്ന പ്രകടനം ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഗമിക്കുന്നത്. സ്വഫ്‌വ റാലി വീക്ഷിക്കാനും ആശീര്‍വദിക്കാനുമെത്തുന്ന പണ്ഡിതര്‍ക്കും പ്രസ്ഥാന നേതാക്കള്‍ക്കും സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം പ്രഖ്യാപനവും നടക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി പ്രസംഗിക്കും.