ആ ഹസ്തദാനം അത്രയ്ക്കങ്ങ് ആഘോഷിക്കണോ?

Posted on: December 28, 2014 5:00 am | Last updated: December 27, 2014 at 11:03 pm

fidel castroബാലറ്റില്‍ വോട്ട് കുത്തി കമ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റാന്‍ മാത്രം ഇടത്പക്ഷത്തായിരുന്നു കേരളം. അങ്ങനെയായിത്തീരാന്‍ ജാതിവിരുദ്ധ, ജന്‍മിത്തവിരുദ്ധ സമരങ്ങളുടെയും സാമ്രാജ്യത്വവിരുദ്ധ സമീപനങ്ങളുടെയും പിന്‍ബലമുണ്ടായിരുന്നു. കലയും സാഹിത്യവും വായനയും എഴുത്തും ഉഴുതുമറിച്ച മണ്ണില്‍ പുതിയ വിത്തുകള്‍ക്ക് നല്ല വേരോട്ടമായിരുന്നു. ആഗോളവത്കൃതമായ ഒരു സമൂഹമാണ് എന്നും ഇവിടെയുണ്ടായിരുന്നത്. കച്ചവടത്തിനും തൊഴിലിനുമായുള്ള പുറപ്പാടുകളും ആതിഥേയത്വങ്ങളുമായിരുന്നു ഈ നാടിനെ ലോകത്തോട് കൂട്ടിക്കെട്ടിയത്. കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ചരിത്രത്തിലുടനീളം ഈ ജനത പാലിച്ച സമരോത്സുക അവബോധം ചാല് കീറി തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ഇടത് കക്ഷികള്‍ക്ക് സാധിച്ചപ്പോള്‍ മാത്രമാണ് അവര്‍ ബാലറ്റ് പെട്ടിയില്‍ അധികാരത്തിന്റെ മുത്തും പവിഴവും മുങ്ങിയെടുത്തത്. പഴയ ഇടത് പക്ഷം ഇന്ന് അത്രമാത്രം ‘ഇടത്’പക്ഷമല്ല. ഇന്ന് ചരിത്രം കറങ്ങിത്തിരിഞ്ഞ് വരുമ്പോള്‍ ഇവിടെ നടക്കുന്ന ആഗോള ചര്‍ച്ചകളില്‍ രാഷ്ട്രീയ ഉള്ളടക്കം അസ്തമിച്ചിരിക്കുന്നു. തൊഴിലും സാങ്കേതിക മുന്നേറ്റങ്ങളും മുന്നിട്ട് നില്‍ക്കുന്നു. അതുകൊണ്ടാണ് ‘അറബിക്കഥ’ എന്ന സിനിമയില്‍ ക്യൂബാ മുകുന്ദന്‍ എന്ന കഥാപാത്രം ജനിക്കുന്നത്. പ്രത്യയശാസ്ത്രപരമായ ശാഠ്യങ്ങള്‍ ഹാസ്യപാത്ര സൃഷ്ടിക്കുള്ള ഉപകരണമാകുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വസഖ്യത്തെ എതിരിട്ട് നില്‍ക്കുന്നവര്‍ ആരായാലും അവര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുമെന്നും അത്തരം നിശ്ചയ ദാര്‍ഢ്യങ്ങള്‍ ഉപേക്ഷിച്ച് മധ്യമ മാര്‍ഗത്തിന്റെ സൗകര്യത്തിലേക്ക് ചുവട് മാറുന്നതാണ് നല്ലതെന്നുമുള്ള പാഠം ആവര്‍ത്തിച്ച് ഉരുവിടുന്ന ഒരു ലോക സാഹചര്യത്തില്‍ നിന്നാണ് ഇത്തരം തമാശകള്‍ ഉണ്ടാകുന്നത്.
ക്യൂബ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്, എമ്പാടും വിശകലന സാധ്യതയോടെ. പതിറ്റാണ്ടുകള്‍ നീണ്ട ശത്രുത അവസാനിപ്പിച്ച് കൈകോര്‍ക്കാന്‍ അമേരിക്കയും ക്യൂബയും തയ്യാറായിരിക്കുന്നു. ക്യൂബക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കും. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ തടവറയിലായവരെ പരസ്പരം മോചിപ്പിക്കും. സാമ്പത്തിക സഹകരണത്തിന്റെ പുതുയുഗപ്പിറവി കുറിക്കും. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ക്യൂബയിലെത്തും. ആഗോള സാമ്പത്തിക ഏജന്‍സികളുടെ സഹായം ക്യൂബക്ക് കരഗതമാകും. വലിയ സന്തോഷത്തിലാണ് ലോകനേതാക്കളെല്ലാം. ഈ മുന്നേറ്റത്തിന് മണ്ണൊരുക്കിയത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണെന്ന് ആഘോഷിക്കപ്പെടുന്നു. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വ്യക്തിപരമായ വിജയമാണ് ഇതെന്നും ചരിത്രത്തില്‍ അദ്ദേഹം അറിയപ്പെടുക ഈ ബാന്ധവത്തിന്റെ പേരിലായിരിക്കുമെന്നുവരെ വിശകലനക്കാര്‍ പറഞ്ഞുവെക്കുന്നു. നമ്മളൊക്കെ ജനിക്കും മുമ്പ് തുടങ്ങിയ ശത്രുത ഇന്നിവിടെ അവസാനിക്കുന്നുവെന്ന് ഒബാമ തന്നെ ആത്മഹര്‍ഷം കൊള്ളുന്നുമുണ്ട്. ഈ സംഘഗാനത്തില്‍ അലിഞ്ഞ് ചേരാവുന്നതാണ്. അത് എളുപ്പവും ആനന്ദദായകവും ശുഭാപ്തിപരവുമാണ്. പക്ഷേ, അങ്ങനെ ശുഭാപ്തി കൊള്ളാന്‍ ചരിത്രബോധം അനുവദിക്കുന്നില്ല. ഈ ക്ഷീരമുള്ളോരകിടിലും ചോര തന്നെ കാണുന്നു. ഇത്തിരിയല്ല, ഒത്തിരി ചോര. ചതിയുടെയും ചരിത്ര നിരാസത്തിന്റെയും ചോര.
ഒരു പക്ഷം താഴ്ന്നു കൊടുക്കാതെ ഒരു അനുരഞ്ജനവും എവിടെയും പുലര്‍ന്നിട്ടില്ല. കൃത്യം തൂക്കമൊപ്പിക്കാന്‍ സാധ്യമല്ല. ഇവിടെ ആരാണ് വഴങ്ങിക്കൊടുത്തത്? തീര്‍ച്ചയായും അത് അമേരിക്ക തന്നെയാണ്. സോവിയറ്റ് യൂനിയന്‍ തകര്‍ന്നിട്ടും ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കമ്പോള സാമ്പത്തിക ക്രമത്തിന്റെ ഉപകരണങ്ങളിലേക്ക് ചുവട് മാറിയിട്ടും ക്യൂബ അതിന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അത് കമ്യൂണിസമായിരുന്നുവെന്നൊന്നും പറയാനാകില്ല. ബാറ്റിസ്റ്റയുടെ പാവ സര്‍ക്കാറിനെ തകര്‍ത്തെറിഞ്ഞ ഫിദല്‍ കാസ്‌ട്രോയും കൂട്ടരും എതിരിട്ടത് അമേരിക്കന്‍ കടന്നുകയറ്റത്തെയായിരുന്നു. അത് ദേശീയതയുടെ സമരമായിരുന്നു. 1956 ഡിസംബര്‍ രണ്ടാം തീയതി ഗ്രാന്‍മ എന്ന ബോട്ടില്‍ ക്യൂബന്‍ തീരത്ത് വന്നിറങ്ങിയ 82 വിപ്ലവകാരികളും പിന്നീട് ആവേശകരമായ ഒളിപ്പോരിലേക്ക് ഇവരെ നയിച്ച ഏണസ്റ്റോ ചെഗുവേരയും ഒരു ദേശത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് പൊരുതിയത്. ബാറ്റിസ്റ്റ ഭരണകൂടത്തെ പിഴുതെറിഞ്ഞപ്പോള്‍ ഫിദലിനെ മുന്‍നിര്‍ത്തി അവര്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. ആ സര്‍ക്കാറിന് ചില അവലംബങ്ങള്‍ വേണമായിരുന്നു. സോവിയറ്റ് യൂനിയന്‍ രക്ഷകരാകുന്നത് അങ്ങനെയാണ്. ബന്ധുബലം മാത്രം പോരായിരുന്നു ആ സംഘത്തിന്. പ്രത്യയശാസ്ത്ര പിന്‍ബലവും വേണമായിരുന്നു. അങ്ങനെയാണ് സ്വത്തിന്റെ പൊതു ഉടമസ്ഥതയുടെയും ദേശസാത്കരണത്തിന്റെയും സാമ്പത്തികക്രമം സ്വീകരിച്ചത്. രാജ്യത്ത് പ്രവര്‍ത്തിച്ച മുഴുവന്‍ അമേരിക്കന്‍, വിദേശ കമ്പനികളെയും ഒരു നഷ്ടപരിഹാരവും കൂടാതെ ദേശസാത്കരിച്ചു. സ്വത്തുക്കള്‍ സര്‍ക്കാറിന്റെ കീഴിലാക്കി. തുടര്‍ന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡ്വെയിറ്റ് ഐസ്‌നോവര്‍ 1961ല്‍ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. വിപ്ലവവിരുദ്ധരെ കൂട്ടി അതേ വര്‍ഷം സി ഐ എ നടത്തിയ അട്ടിമറിശ്രമത്തെ ക്യൂബന്‍ സൈന്യം പരാജയപ്പെടുത്തി. അന്ന് തൊട്ട് എത്രയെത്ര കുത്തിത്തിരിപ്പുകള്‍. കാസ്‌ട്രോയെ വധിക്കാന്‍ എത്രയെത്ര പദ്ധതികള്‍. ക്യൂബയുമായി ബന്ധം പുലര്‍ത്തിയ മുഴുവന്‍ രാജ്യങ്ങളെയും ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിച്ചു. ലാറ്റിനമേരിക്കയിലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളുമായും സോവിയറ്റ് യൂനിയനോടും മാത്രമായി ക്യൂബയുടെ ബന്ധുബലം പരിമിതപ്പെട്ടു. വ്യാപാരം താറുമാറായി. വെനിസ്വേല കൊടുത്ത എണ്ണ കൊണ്ടും സോവിയറ്റ് യൂനിയന്‍ കൊടുത്ത ഗ്യാസ് കൊണ്ടും അരിഷ്ടിച്ച് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ സോവിയറ്റ് യൂനിയന്‍ അമേരിക്കയിലേക്ക് അയക്കാന്‍ പാകത്തില്‍ ക്യൂബയില്‍ തങ്ങളുടെ മിസൈലുകള്‍ സജ്ജമാക്കി വെച്ചു. അമേരിക്ക ശരിക്കും വിറച്ചു. അന്ന് ആ പ്രതിസന്ധി നീക്കുന്നതില്‍ ക്യൂബ തന്നെ മുന്‍കൈയെടുത്തു. ക്യൂബന്‍ പൗരന്‍മാര്‍ ലോകത്തെ സാങ്കേതിക വികാസത്തില്‍ നിന്ന് അന്യരായി. പക്ഷേ, അവര്‍ എല്ലാം ത്യജിച്ചു. വിപ്ലവത്തിന്റെ ചരിത്രം അവരുടെ ഉള്ളില്‍ വല്ലാത്തൊരു സഹനശക്തി വളര്‍ത്തിയിരുന്നു. കാസ്‌ട്രോ സഹോദരന്‍മാരുടെ സാന്നിധ്യവും മന്ത്രിക്കുപ്പായം അഴിച്ചുവെച്ച് ബൊളീവിയന്‍ കാടുകളിലേക്ക് വിമോചനത്തിനായി പുറപ്പെട്ട ചെഗുവേരയുടെ രക്തസാക്ഷിത്വവും അവര്‍ക്ക് നിതാന്തമായ ഊര്‍ജം സമ്മാനിച്ചു. തങ്ങളുടെ മൂക്കിന് താഴെ ഇങ്ങനെയൊരു സമൂഹം ജീവിച്ച് പോകുന്നതും അവരുടെ ഡോക്ടര്‍മാര്‍ ലോകത്താകെ ജീവിതം വിതയ്ക്കുന്നതും അമേരിക്കക്ക് എങ്ങനെ സഹിക്കും? ആ സമൂഹം ലോകത്താകെ മുതലാളിത്തവിരുദ്ധ സംഘം ചേരലുകള്‍ക്ക് ഊര്‍ജമാകുന്നത് യു എസ് എങ്ങനെ പൊറുക്കും? ദുര്‍ബലന് ഒരു മാനക്കേടുമില്ല. മല്ലന്റെ കാര്യമാണ് കഷ്ടം. ദുര്‍ബലന്റെ ശ്വാസോച്ഛ്വാസം മാത്രം മതി അവന്റെ ഉറക്കം കെടുത്താന്‍. അതുകൊണ്ട് പോപ്പിന്റെ മാധ്യസ്ഥ്യത്തില്‍ നേടിയെടുത്ത നയതന്ത്രബന്ധം അമേരിക്കയുടെ ആവശ്യമാണ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ട് ദുര്‍ബലനായിക്കഴിഞ്ഞ ഒബാമക്ക് ഇത്തരമൊരു ചുവട് വെപ്പ് അനിവാര്യമായിരുന്നു. കറുത്ത വര്‍ഗക്കാരെ കൊന്നുതള്ളുന്ന ഒരു ഭരണസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന കറുത്ത പ്രസിഡന്റ് അത്രമേല്‍ അശ്ലീലക്കാഴ്ചയായി മാറിയിരുന്നു.
ഈ ഹസ്തദാനത്തിന്റെ സമയം വളരെ പ്രധാനമാണ്. ക്യൂബക്ക് ശക്തമായ പിന്തുണ നല്‍കുന്ന വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസ് യുഗത്തിന്റെ അന്ത്യം വലിയ രാഷ്ട്രീയ പ്രതിസന്ധികളുടെ നാളുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അവിടെ മദുറോക്ക് അടി പതറുകയാണ്. എണ്ണ വിലയിടിവിന്റെ പ്രശ്‌നങ്ങള്‍ വേറെയും. റഷ്യയാണെങ്കില്‍ ഉപരോധത്തിന്റെ വിഷമവൃത്തത്തില്‍ ഉഴലുകയാണ്. ഇത് തന്നെയാണ് സമയം. ക്യൂബ വഴി ലാറ്റിനമേരിക്കയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള സമയം. ലാറ്റിനമേരിക്കന്‍ അല്‍ബാ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് ബൊളീവിയയോ വെനിസ്വേലയോ ആയിരിക്കാം. പക്ഷേ ക്യൂബ ആത്മവിശ്വാസ സ്രോതസ്സാണ്; പ്രതീകമാണ്. ഈ പ്രതീകത്തെ തനിക്കാക്കുക വഴി വലിയ കളികളിലേക്കും സമ്മര്‍ദങ്ങളിലേക്കുമാണ് അമേരിക്ക മുതല്‍ മുടക്കുന്നത്. രണ്ട് തലത്തിലാണ് ഇത് നടക്കുക. സി ഐ എയുടെ ഉപജാപങ്ങള്‍ തന്നെയാണ് ഒന്നാമത്തേത്. ഈ ഉപജാപങ്ങള്‍ക്കായി പണം എത്ര എറിയാനും യു എസ് മടിക്കാറില്ല. ചിലി, ബൊളീവിയ, ഗ്വാട്ടിമാല, ഇക്വഡോര്‍, പരേഗ്വേ, നിക്കരാഗ്വേ, എല്‍സാല്‍വദോര്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ക്യൂബന്‍ ചുവടുമാറ്റം സൃഷ്ടിക്കുന്ന വ്യാമോഹമാണ് രണ്ടാമത്തേത്. മുതലാളിത്ത, കമ്പോളവത്കൃത സാമ്പത്തിക ക്രമത്തിലേക്ക് ചുവട് മാറാന്‍ ഇവിടുത്തെ ഇടത് സര്‍ക്കാറുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ വാശിപിടിക്കും. ഇത് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കും. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കാനും കുളം കലക്കി മീന്‍ പിടിക്കാനും അമേരിക്കയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.
സത്യത്തില്‍ ഈ നയതന്ത്ര സഹകരണത്തിന്റെ മണ്ണൊരുക്കം 2011ല്‍ തന്നെ തുടങ്ങിയതാണ്. അതാകട്ടേ, അമേരിക്കയുടെ നേരിട്ടുള്ള സമ്മര്‍ദത്തില്‍ നിന്നുമായിരുന്നില്ല. മറിച്ച് പരോക്ഷവും സാമ്പത്തികവുമായി ലോകത്താകെ മുതലാളിത്തം നടത്തുന്ന ചുറ്റിവരിയലിന്റെ ഭാഗമായിരുന്നു. ആ വര്‍ഷം ഏപ്രിലില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ പതിനാലാം കോണ്‍ഗ്രസ് ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിട്ട നിര്‍ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടത്. മതം, സ്വകാര്യ സ്വത്ത്, ഭരണ നേതൃത്വം തുടങ്ങിയ മേഖലകളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്കാണ് വിപ്ലവത്തിന് ശേഷം നടക്കുന്ന അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയത്. രണ്ട് തലത്തിലായിരുന്നു പരിഷ്‌കരണങ്ങള്‍. ഒന്ന് ഭരണതലത്തില്‍. മറ്റൊന്ന് സാമ്പത്തിക തലത്തില്‍.
പ്രസിഡന്റ് പോലുള്ള പ്രധാന പദവികള്‍ വഹിക്കുന്നവരുടെ കാലാവധി പത്ത് വര്‍ഷമായി പരിമിതപ്പെടുത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഭരണപരിഷ്‌കാരം. ഫിദല്‍ കാസ്‌ട്രോ ഇതിനകം സ്ഥാനമൊഴിഞ്ഞു കഴിഞ്ഞു. ഈ പരിഷ്‌കാരത്തോടെ റൗള്‍ കാസ്‌ട്രോയും പടിയിറങ്ങും. പുതുതലമുറ വരട്ടെയെന്നാണ് തീരുമാനം. കാസ്‌ട്രോ യുഗത്തിന് ശേഷം പഴയ നിശ്ചയങ്ങള്‍ കൈവിടേണ്ടിവരുമെന്ന് ക്യൂബന്‍ നേതൃത്വം മുന്‍കൂട്ടി കണ്ടിരിക്കാം. ഉത്പാദന ഉപാധികളുടെ പൊതു ഉടമസ്ഥതയെന്ന മാര്‍ക്‌സിയന്‍ സാമ്പത്തിക തത്വത്തെ ക്യൂബയും കൈയൊഴിഞ്ഞുവെന്നതാണ് സാമ്പത്തിക പരിഷ്‌കരണങ്ങളുടെ കാതല്‍. സ്വകാര്യ സ്വത്തിന് വില്‍പ്പനാവകാശം അനുവദിക്കും. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കും. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സാവധാനം പിന്‍വാങ്ങും. രാജ്യത്തെ പൗരന്‍മാര്‍ക്ക് മുഴുവന്‍ റേഷന്‍ നല്‍കുമെന്ന ദൗത്യം ഉപേക്ഷിക്കും. സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തില്‍ നിന്ന് ക്യൂബ മെല്ലെ മിശ്ര സാമ്പത്തിക ക്രമത്തിലേക്ക് ചുവട് മാറിയെന്ന് ചുരുക്കം. ചരട് കൈയില്‍ നിന്ന് വഴുതാതെ മുന്നോട്ട് പോകുകയാണെങ്കില്‍ ഈ തീരുമാനങ്ങള്‍ ബുദ്ധിപരം തന്നെയായിരുന്നു. പക്ഷേ, പോപ്പും ഒബാമയും ഈ പരിഷ്‌കരണങ്ങളെ മറ്റൊരുതരത്തിലാണ് വായിക്കുന്നത്. പരിഷ്‌കരണത്തിന്റെ നാല് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കന്‍ സൗഹൃദത്തിന് ക്യൂബ കൂടുതല്‍ അനുയോജ്യമായിരിക്കുന്നുവെന്നാണ് അവര്‍ വിലയിരുത്തുന്നത്.
മുതലാളിത്തത്തെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് ചര്‍ച്ച് എക്കാലത്തും നിര്‍വഹിച്ചിട്ടുള്ളത്. മാര്‍ക്‌സിയന്‍ ചിന്തകള്‍ തന്നെ അടിസ്ഥാനപരമായി ചര്‍ച്ചിന്റെയും മുതലാളിത്തത്തിന്റെയും കൈകോര്‍ക്കലിനോടുള്ള പ്രതികരണമായിരുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരി (ശക്തമായ സോഷ്യലിസ്റ്റ് ചേരി ഇല്ലാഞ്ഞിട്ടുപോലും) ഊര്‍ജ പ്രതിസന്ധിയടക്കമുള്ള നിരവധി പ്രശ്‌നങ്ങളില്‍ ആടിയുലയുകയാണ്. ഇറാനുമായി സൗഹൃദത്തിന് മണ്ണൊരുങ്ങിക്കഴിഞ്ഞു. റഷ്യയെ ഉപരോധത്തില്‍ തകര്‍ക്കുക, ഇടഞ്ഞ് നില്‍ക്കുന്ന മറ്റുളളവരെയാകെ സൗഹൃദത്തിന്റെ തണുപ്പിലേക്ക് കൊണ്ടുവരിക. ഇതാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോപ്പ് പുതിയ ബാന്ധവങ്ങളുടെ ഇടനിലക്കാരനാകുന്നതിനെ കാണേണ്ടത്. എന്താണ് പോപ്പ് ഇസ്‌റാഈലിനെ നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കാത്തതെന്ന ചോദ്യം ഉച്ചത്തില്‍ ഉയര്‍ത്തുകയും വേണം. ക്യൂബയെ പഴിക്കുന്നതില്‍ അര്‍ഥമില്ല. അതിന് എത്രകാലം അടച്ചിട്ട മുറിയില്‍ കഴിയാനാകും? വന്‍ ശക്തിയായ ചൈനയെയും ലാറ്റിനമേരിക്കന്‍ സിംഹങ്ങളായ അര്‍ജന്റീനയെയും ബ്രസീലിനെയും ഒക്കെ അവര്‍ കാണുന്നുണ്ടല്ലോ. പക്ഷേ തുറന്നിടുമ്പോള്‍ എന്തൊക്കയാണ് കയറിവരികയെന്നത് ക്യൂബയുടെ ഭാവി നിര്‍ണയിക്കും.
ബരാക് ഒബാമക്ക് ശേഷം വരുന്നവര്‍ ഈ സൗഹൃദത്തെ എങ്ങനെയാണ് പരാവര്‍ത്തനം ചെയ്യുകയെന്നതും പ്രധാനമായിരിക്കും. ഫിദല്‍ കാസ്‌ട്രോ പറഞ്ഞതാണ് സത്യം: ‘അമേരിക്കയുമായുള്ള ബന്ധം നേരെയാക്കുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ അതിന്റെ പേരില്‍ സ്വന്തം രാഷ്ട്രീയക്രമം ബലികഴിക്കരുത്’. മുതലാളിത്തത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സോഷ്യലിസ്റ്റ് സാമൂഹിക ക്രമം സൂക്ഷിക്കുകയെന്ന ശ്രമകരമായ ദൗത്യത്തില്‍ വിജയിച്ചാല്‍ വിപ്ലവ ക്യൂബയുടെ നിഴലെങ്കിലും നിലനില്‍ക്കും. അല്ലെങ്കില്‍ അമേരിക്കക്കും ക്യൂബക്കുമിടയിലെ വ്യത്യാസത്തിന്റെ കടല്‍ അപ്രത്യക്ഷമാകും. ഇനിയുണ്ടാകില്ല, ക്യൂബാ മുകുന്ദന്‍മാര്‍. ക്യൂബാ ഫണ്ട് പിരിക്കുന്ന ഡി വൈ എഫ് ഐക്കാരും.