പട്ടികവര്‍ഗ-പട്ടികജാതി വികസന ഫണ്ട് വിനിയോഗം: പരാജയപ്പെടുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി: മന്ത്രി

Posted on: December 28, 2014 5:32 am | Last updated: December 27, 2014 at 10:33 pm

കല്‍പ്പറ്റ: പട്ടികവര്‍ഗ-പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുന്നതില്‍ പരാജയപ്പെടുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പട്ടികവര്‍ഗ്ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. കല്‍പ്പറ്റ കലക്ടറേറ്റില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുള്‍പ്പെടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളുള്ള ഒരു ജില്ലയാണ് വയനാട്. ഈ സാഹചര്യത്തില്‍ പ്രതേ്യക പരിഗണനയും സമര്‍പ്പണബോധവും ഇത്തരം ജനവിഭാഗങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ ഉദേ്യാഗസ്ഥ സമൂഹം കാണിക്കണം.
വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കുന്നവരോട് ഏറ്റവും മാന്യവും സൗമ്യവുമായ പെരുമാറ്റം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം.
പട്ടികജാതി വികസനത്തിനായി പുരോഗമനപരമായ പദ്ധതികള്‍ തയ്യാറാക്കിയാല്‍ ഇതിന് പണം ലഭ്യമാക്കുന്നത് ഒരു തടസ്സവുമൂണ്ടാവില്ലെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.
വയനാടിന്റെ വികസനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിഭാവനം ചെയ്യുന്ന ‘ഇന്റഗ്രേറ്റഡ് ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് പ്ലാന്‍’ മാര്‍ച്ചോടെ പൂര്‍ണ്ണ രൂപത്തില്‍ തയ്യാറാക്കാന്‍ എല്ലാ വകുപ്പിലേയും ഉദേ്യാഗസ്ഥര്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അഭ്യര്‍ഥിച്ചു.
ഇതിനായി ആവശ്യമെങ്കില്‍ പരിചയ സമ്പന്നരായ റിട്ടയേര്‍ഡ് ഉദേ്യാഗസ്ഥരുടെ സേവനവും ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞോം, കൈതക്കല്‍, നെല്ലിയമ്പം, അതിരാറ്റുകുന്ന് തുടങ്ങിയ സ്‌കൂളുകളില്‍ എല്‍.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ ഉണ്ടെങ്കിലും യൂ.പി. വിഭാഗം ഇല്ലാത്തത് കുട്ടികള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായ നടപടികള്‍ക്കായി പ്രതേ്യക കോര്‍ഡിനേഷന്‍ കമ്മറ്റി രൂപവത്ക്കരിക്കും.
ആര്‍.എം.എസ്.എ. സ്‌കൂളുകളിലെ ദിവസവേതനക്കാരായ അദ്ധ്യാപകര്‍ക്ക് മാര്‍ച്ച് മാസത്തിന് ശേഷവും വേതനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
വനത്തില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി, ഭവന നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതികള്‍ അവലോകനം ചെയ്യുന്നതിനും കോര്‍ഡിനേഷന്‍ കമ്മറ്റികള്‍ രൂപവത്ക്കരിക്കും.
ആള്‍മറയും അനുബന്ധ സുരക്ഷാ സംവിധാനങ്ങളും കൂടാതെയുള്ള കിണര്‍ നിര്‍മ്മാണ പദ്ധതികള്‍ക്ക് മേലില്‍ സാങ്കേതികാനുമതി നല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികാരികള്‍ ശ്രദ്ധിക്കണം. മാനസികാരോഗ്യ പരിപാലന പദ്ധതിക്കായി ജില്ലക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി ഡി.എം.ഒ. ഡോ. നിതാ വിജയന്‍ അറിയിച്ചു.കാരാപ്പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള കല്‍പ്പറ്റ ശുദ്ധജല വിതരണ പദ്ധതിയുടെ ട്രയല്‍പമ്പിങ് ജനുവരിയില്‍ തുടങ്ങുമെന്നും ഇതേ ഡാമിലെ വെള്ളം ഉപയോഗിച്ച് ഒമ്പത് പഞ്ചായത്തുകള്‍ക്കായി നടപ്പാക്കുന്ന ജലവിതരണ പദ്ധതികളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, സബ്കളക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.