Connect with us

Gulf

പുതുവത്സരം: ബുര്‍ജ് ഖലീഫയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍

Published

|

Last Updated

burj khalifaദുബൈ: പുതുവത്‌സരാഘോഷങ്ങള്‍ക്കുള്ള ഒരുക്കം നഗരത്തില്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കേ ബുര്‍ജ് ഖലീഫ അധികൃതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. സുരക്ഷക്കായി 2,500 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുകയെന്ന് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. ബുര്‍ജ് ഖലീഫയില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പ്രമുഖരുടെ സാന്നിധ്യംകൂടി കണക്കിലെടുത്താണ് ബൃഹത്തായ സുരക്ഷാ പദ്ധതി കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ പോലീസ് ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സും ഇതര സര്‍ക്കാര്‍ വകുപ്പുകളും ബുര്‍ജ് ഖലീഫയുടെയും അതിഥികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. സുരക്ഷാ കാരണങ്ങളാല്‍ ബുര്‍ജ് ഖലീഫ മെട്രോ സ്‌റ്റേഷന്‍ അടക്കാനും പദ്ധതിയുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ മെട്രോയില്‍ സഞ്ചരിക്കുന്നവര്‍ ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലോ ബിസിനസ് ബേയിലോ ഇറങ്ങി വേണം ബുര്‍ജ് ഖലീഫയില്‍ എത്തിച്ചേരാന്‍. പക്ഷേ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ കമ്മിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല. സുരക്ഷയുടെ ഭാഗമായി 16 സപോര്‍ട് സര്‍വീസ് തമ്പുകള്‍ ഈ മേഖലയില്‍ വിതരണം ചെയ്തിട്ടുണ്ട്. പാരാമെഡിക്കള്‍ ജീവനക്കാര്‍, പ്രഥമ ചികിത്സ നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ളവര്‍, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗം, ലോജിസ്റ്റിക്കല്‍ സപോര്‍ട്, പോലീസ് എന്നിവയും ഓരോ തമ്പിന്റെയും ഭാഗമായുണ്ടാവും.
കഴിഞ്ഞ വര്‍ഷത്തെ പുതുവത്സരാഘോഷങ്ങളില്‍ 17 ലക്ഷം ജനങ്ങളാണ് ബുര്‍ജ് ഖലീഫയില്‍ പങ്കാളികളായത്. ഈ വര്‍ഷം 12 മുതല്‍ 14 ലക്ഷം വരെ ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബൈ പോലീസ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി തലവനുമായ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പുതുവത്സരവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും സൈന്‍ബോര്‍ഡുകളുമെല്ലാം പൊതുജനങ്ങളും വാഹനം ഓടിക്കുന്നവരും കൃത്യമായി പിന്തുടരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഗതാഗത നിയന്ത്രണങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനും രൂപം നല്‍കുന്നുണ്ട്. എവിടെയെല്ലാം പാര്‍ക്കിംഗ് ലഭിക്കും, ശൗച്യാലയ സൗകര്യം, എ ടി എം, വിവിധ ആവശ്യങ്ങള്‍ക്കുള്ള മാടക്കടകള്‍, വിവരങ്ങള്‍ അറിയാനുള്ള ഡെസ്‌ക് തുടങ്ങിയവയെക്കുറിച്ചും ആപ്ലിക്കേഷനിലൂടെ അറിയാന്‍ സാധിക്കും.
പോലീസിന് വാഹനങ്ങള്‍ എവിടെയെല്ലാമാണ് പാര്‍ക്ക് ചെയ്യേണ്ടതെന്ന് അറിയാനും ആപ്ലിക്കേഷന്‍ ഉപകാരപ്പെടും. പുതുവത്സരാഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ബുക്ക് ചെയ്തവര്‍ വൈകീട്ട് ആറു മണിക്ക് മുമ്പായി എത്താന്‍ ശ്രമിക്കണമെന്ന് ഇവന്റ്‌സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ ജുമ ബിന്‍ സുവൈദാന്‍ അഭ്യര്‍ഥിച്ചു.