ട്രാം: ജെ ബി ആറില്‍ ഗതാഗത പരിഷ്‌കരണം

Posted on: December 27, 2014 5:43 pm | Last updated: December 27, 2014 at 5:43 pm

ദുബൈ: ട്രാം സര്‍വീസ് നടത്തുന്ന മുഖ്യ മേഖലയായ ജെ ബി ആറി(ജുമൈറ ബീച്ച് റെസിഡന്‍സ്)ല്‍ ആര്‍ ടി എ ഗതാഗത പരിഷ്‌കരണം ആരംഭിച്ചു. ജെ ബി ആറിലും ദുബൈ മറീനയിലും പരിഷ്‌കരണത്തിന്റെ ഭാഗമായി അഞ്ചു ഇന്റര്‍സെക്ഷനുകളില്‍ ലെഫ്റ്റ് ടേണും യു ടേണും ആര്‍ ടി എ നിരോധിച്ചു. ഇത് പൂര്‍ണമായും നടപ്പാവാന്‍ ഒരാഴ്ച എടുക്കുമെന്ന് ആര്‍ ടി എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യന്തര രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തില്‍ ആര്‍ ടി എ ഇവിടെ പഠനം നടത്തിയിരുന്നു. ഇവരുടെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് ട്രാമിന്റെ ചലനത്തിന് ബുദ്ധിമുട്ടുണ്ടായേക്കാവുന്ന ഇന്റര്‍സെക്ഷനുകളില്‍ പരിഷ്‌ക്കരണം നടപ്പാക്കുന്നത്.
രാജ്യത്തെ പുതിയ ഗതാഗത മാര്‍ഗമായ ട്രാമുകളുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാരെയും കാല്‍നട യാത്രക്കാരെയും ബോധവത്ക്കരിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് വിവിധ മേഖലയില്‍ നിന്നുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ട്രാം പാതയിലേക്ക് കഴിഞ്ഞ ദിവസം കാര്‍ ഇടിച്ചു കയറിയത് ട്രാം ഗതാഗതം അല്‍പസമയത്തേക്ക് സ്തംഭിക്കാന്‍ ഇടയാക്കിയിരുന്നു. ഇതിന് മുമ്പും ട്രാം പാതയില്‍ വാഹനം അപകടത്തില്‍പെട്ടിരുന്നു. ജുമൈറ ബീച്ച് റെസിഡന്‍സ് ഇന്റര്‍സെക്ഷനിലായിരുന്നു കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടോടെ അപകടം സംഭവിച്ചത്. ട്രാം ഇന്റര്‍സെക്ഷനിലേക്ക് എത്തവേ കാര്‍ ഇടിക്കുകയായിരുന്നു.
പുതിയ പരിഷ്‌ക്കരണം നടപ്പാവുന്നതോടെ ട്രാമിന്റെ യാത്ര കൂടുതല്‍ സുരക്ഷിതമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ട്രാം പാത മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും പിഴ ചുമത്തുമെന്ന് ആര്‍ ടി എ നേരത്തെ വ്യക്തമാക്കിയിരുന്നു.