എസ് വൈ എസ് ജില്ലാ സ്വഫ്‌വ സംഗമം നാളെ മഞ്ചേരിയില്‍

Posted on: December 27, 2014 11:28 am | Last updated: December 27, 2014 at 12:28 pm

മഞ്ചേരി: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ അടുത്ത ഫെബ്രുവരി 27,28 മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജ് ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘ പ്രഖ്യാപനവും സ്വഫ്‌വ റാലിയും നാളെ മഞ്ചേരിയില്‍ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ 60 വാര്‍ഡുകള്‍ നവീകരിക്കുകയും പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം, മരുന്ന്, ഭക്ഷണം എന്നിവ നല്‍കുകയും ചെയ്യുന്നതിനാണ് സ്വഫ്‌വ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. നാളെ വൈകീട്ട് മൂന്നര മണിക്ക് നടക്കുന്ന റാലിയില്‍ ജില്ലയിലെ 5000 സ്വഫ്‌വ അംഗങ്ങള്‍ അണിനിരക്കും. നിര്‍ദിഷ്ട യൂനിഫോമില്‍ പതാകയേന്തിയാണ് സ്വഫ്‌വ അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കുക.
കച്ചേരിപ്പടിയില്‍ നിന്നാരംഭിക്കുന്ന റാലി നഗരം ചുറ്റി ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സ്വാഗതസംഘം പ്രഖ്യാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജിലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സുലൈമാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിക്കും
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഒ എം എ റശീദ് ഹാജി. കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കാരക്കുന്ന്, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, യു ടി എം ശമീര്‍, ഇബ്‌റാഹിം വെള്ളില പങ്കെടുത്തു.