തലക്കടിയേറ്റ് വീട്ടമ്മ മരിച്ചസംഭവം: സ്വത്തുതര്‍ക്കമെന്ന് പോലീസ്

Posted on: December 27, 2014 10:15 am | Last updated: December 27, 2014 at 10:15 am

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമണ്ണ പെരിങ്ങാട്ടുമീത്തല്‍ മുഹമ്മദിന്റെ ഭാര്യ ആഇശക്കുട്ടി (64)യാണ് മരിച്ചത്. പെരുമണ്ണ യതീംഖാനക്കു സമീപമാണ് സംഭവം.
ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരമാണ് ഇവരെ വീട്ടിനുള്ളില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തലക്ക് അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. സംഭവസമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. നിലവിളികേട്ട് ഓടികൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.
സ്വത്തുതര്‍ക്കമായിരിക്കാം കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുവായ ഒരാളെ പോലീസ് സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് നല്ലളം പോലീസ് അറിയിച്ചു. നല്ലളം എസ് ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആഇശക്കുട്ടിക്ക് രണ്ടുമക്കളുണ്ട്.