Connect with us

National

ഉദ്യോഗതലത്തില്‍ വീണ്ടും വന്‍ അഴിച്ചുപണി

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചു. ഒഴിഞ്ഞു കിടന്ന ചില പ്രധാന തസ്തികകള്‍ നികത്തിയും വിവിധ മന്ത്രാലയങ്ങളിലെ മധ്യതല ഉദ്യോഗസ്ഥരെ പരസ്പരം മാറ്റിയുമാണ് ഇന്നലെ പൂര്‍ത്തിയായ പുനര്‍വിന്യാസം.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് നിയമന കമ്മിറ്റി അംഗീകാരം നല്‍കിയ പട്ടികയില്‍ 1984 ബാച്ചിലെ നിരവധി ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗക്കയറ്റം ലഭിച്ചിട്ടുണ്ട്. യു പി കേഡറിലുള്ള അനന്ത് കുമാറിന് ആഭ്യന്തര മന്ത്രാലയത്തിലേക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയായിരുന്ന രാഘവേന്ദ്ര സിംഗിനെ കൃഷി മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയാക്കി.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഇവിടെ ജോയിന്റ് ഡയറക്ടറായിരുന്ന ദീപക് ഷെട്ടിയെ ഡയറക്ടറാക്കി നിയമിച്ചു. ബ്യൂറോ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സി(ബി ഐ എസ്) ന്റെ പുതിയ ഡയറക്ടര്‍ ജനറല്‍ എം ജെ ജോസഫ് ആണ്. കമ്പനികാര്യ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ബീഹാര്‍ കേഡര്‍ ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ തൊഴില്‍ കാര്യ വകുപ്പില്‍ അഡീഷനല്‍ സെക്രട്ടറിയാകും. വ്യവസായ നയ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ഡി വി പ്രസാദിനെ വനിതാ ശിശു ക്ഷേമ വകുപ്പിലേക്ക് മാറ്റി. ധനകാര്യ കമ്മീഷനില്‍ പ്രത്യേക ചുമതലയുണ്ടായിരുന്ന അജയ് നാരായണ്‍ ഝായെ ധനകാര്യ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയാക്കി മാറ്റി നിയമിച്ചു.
1984 ബാച്ച് ഉദ്യോഗസ്ഥരായ അലോക് ശ്രീവാസ്തവ, രശ്മി ശുക്ല, ടി ജേക്കബ് എന്നവരെ ഷിപ്പിംഗ്, പഞ്ചായത്തീ രാജ്, ഉദ്യോഗസ്ഥ കാര്യ മന്ത്രാലയങ്ങളിലെ അഡീഷനല്‍ സെക്രട്ടറിമാരാക്കി സ്ഥാനക്കയറ്റം നല്‍കി. അതേ ബാച്ചിലെ ആനന്ദ് കുമാര്‍ ആണ് നാഷനല്‍ ഹൈവേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍.

Latest