കാലിക്കറ്റ് വിദൂര പഠന കേന്ദ്രം: വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കണം

Posted on: December 27, 2014 12:13 am | Last updated: December 27, 2014 at 12:13 am

ദുബൈ: കാലക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദേശത്തു പ്രവര്‍ത്തിക്കുന്ന വിദൂര പഠന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള കേരള ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ കേരളാ സര്‍ക്കാ റിനോടും യൂനിവേഴ്‌സിറ്റി അധികൃതരോടും ആവശ്യപ്പെട്ടു. വിവിധ ഗള്‍ഫ് നാടുകളിലെ കൗണ്‍സിലിംഗ് സെന്ററുകള്‍ മുഖേന നിരവധി പ്രവാസി യുവാക്കള്‍ യൂനിവേഴ്‌സിറ്റിയുടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ചേര്‍ന്ന് പഠനം നടത്തുന്നുണ്ട്. അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്കായി യൂനിവേഴ്‌സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ ഓപണ്‍ ഡിഗ്രി പ്രവേശം നേടിയവരും നിരവധിയുണ്ട്.
യൂനിവേഴ്‌സിറ്റി ചട്ടങ്ങളും നിമയങ്ങളും ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ വന്ന കോടതി വിധി, വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്നതാണ്. കോടതി വിധി മറികടക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് അടിയന്തരമായി ഇടപെടണണെന്നും സര്‍ക്കാറിനും യൂനിവേഴ്‌സിറ്റി അധികൃതര്‍ക്കും അയച്ച സന്ദേശത്തില്‍ ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.