Connect with us

Editorial

രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് സ്വാധീനം

Published

|

Last Updated

എന്തുകൊണ്ടാണ് രാജ്യത്തെ ഭരണകൂടങ്ങള്‍ ജനപക്ഷ നിലപാടില്‍ നിന്ന് കോര്‍പേററ്റ് അനുകൂല നിലപാടിലേക്ക് വഴുതുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ്സുകളെ സംബന്ധിച്ചു കഴിഞ്ഞദിവസം പുറത്തുവന്ന വിവരം. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളില്‍ 90 ശതമാനവും കോര്‍പറേറ്റുകളില്‍ നിന്നാണെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(എ ഡി ആര്‍ ) വെളിപ്പെടുത്തല്‍. വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ 2012-13 വര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റുകളും ഉള്‍പ്പെടും.
സാധാരണക്കാരായ വ്യക്തികളെയും വീടുകളേയും കേന്ദ്രീകരിച്ചുള്ള പിരിവുകളിലൂടെയാണ് മുന്‍ കാലങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഫണ്ടുകള്‍ സ്വരൂപിച്ചിരുന്നത്. അന്നത്തെ അപേക്ഷിച്ചു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ചെലവ് ഗണ്യമായി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. രാഷ്ട്രീയ കക്ഷികള്‍ സ്ഥാപനവത്കരിക്കപ്പെടുകയും കമ്പനി സ്വഭാവത്തിലേക്ക് വളരുകയും ചെയ്ത കാലമാണിത്. പതിവു പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ദേശീയ പാര്‍ട്ടികള്‍ കോടികളാണ് ചെലവിടുന്നത്. തിരഞ്ഞെടുപ്പ് വേളകളില്‍ വാരിവിതറുന്നത് ശതകോടികളും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിക്കും രണ്ടും മൂന്നും കോടികളാണ് ബി ജെ പി, കോണ്‍ഗ്രസ് ദേശീയ നേതൃത്വങ്ങള്‍ നല്‍കിയത്. ശത കോടികളാണ് ഈ രണ്ട് കക്ഷികളും പരസ്യങ്ങള്‍ക്കായി മാത്രം ചെലവിട്ടത്. 1000 കോടി രൂപയുടെ പരസ്യമാണ് അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്ക് ഇവര്‍ നല്‍കിയതെന്നാണ് അനൗദ്യോഗിക കണക്ക്. മൊത്തം പാര്‍ട്ടികളുടെ ഈയിനത്തിലുള്ള ചെലവ് 3000 കോടി രൂപയെങ്കിലും വരുമത്രേ. ബ ക്കറ്റുമായി സാധാരണക്കാരനെ സമീപിച്ചാല്‍ ഇത്രയും വലിയ തുക സ്വരൂപിക്കാനാകില്ല. കോര്‍പറേറ്റുകളെയും വന്‍കിട മുതലാളിമാരെയും സമീപിക്കുകയല്ലാതെ പിന്നെ മറ്റെന്തു മാര്‍ഗം?
കോര്‍പറേറ്റുകള്‍ പാര്‍ട്ടികള്‍ക്ക് വാരിക്കോരി സംഭാവന നല്‍കുന്നത് പുണ്യം നേടാനോ, രാഷ്ട്രസേവക്ക് വേണ്ടിയോ അല്ല, തങ്ങളുടെ സഹായം സ്വീകരിക്കുന്ന കക്ഷികള്‍ അധികാരത്തിലേറിയാല്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അതിന്റെ പതിന്മടങ്ങ് തിരിച്ചുപിടിക്കാന്‍ സാഹചര്യമൊരുക്കിത്തരികയും ചെയ്യുമെന്ന വ്യക്തമായ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടു കൊടുക്കുന്നതും കോര്‍പറേറ്റുകളുടെ സബ്‌സിഡിയും ആനുകൂല്യങ്ങളും കുത്തനെ ഉയര്‍ത്തുന്നതും ഇവര്‍ തമ്മിലുള്ള ഇത്തരം രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്. മന്‍മോഹന്‍സിംഗ് ഭരണത്തില്‍ വളം,ഭക്ഷ്യം,പെട്രോളിയം സബ്‌സിഡി ഇനത്തില്‍ അനുവദിച്ചത് അഞ്ചു ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ചത് ഇരുപത്തേഴു ലക്ഷം കോടിയുടെ ഇളവുകളും ആനുകൂല്യങ്ങളുമായിരുന്നു. കോര്‍പറേറ്റനുകൂല നയങ്ങള്‍ തന്നെയാണ് മോദിഭരണകൂടവും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. നേരത്തെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ രാഷ്ട്രീയത്തെ പരോക്ഷമായാണ് നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ അവര്‍ പ്രത്യക്ഷമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചുവരികയുമാണ്. നന്ദന്‍ നിലേക്കനിയുടെ രാഷ്ട്രീയ പ്രവേശനം ഒരു ഉദാഹരണം. ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയാല്‍ പ്രചാരണച്ചെലവ് പൂര്‍ണമായും അവര്‍ വഹിച്ചു കൊള്ളുമെന്നു മാത്രമല്ല, ടിക്കറ്റ് നല്‍കുന്ന പാര്‍ട്ടിക്ക് വന്‍ സംഖ്യ അവരില്‍ നിന്ന് സംഭാവനയായി ലഭിക്കുകയും ചെയ്യും. ഇവ്വിധം പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്ന പ്രവണത ഇടതുകക്ഷികളിലേക്കുകൂടി പടര്‍ന്നു കഴിഞ്ഞുവെന്ന് തിരവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ബോധ്യപ്പെടുത്തുന്നു.
ജനങ്ങളില്‍ രാഷ്ട്രീയത്തോടുള്ള വിരക്തി വര്‍ധിക്കുകയും അരാഷ്ട്രീയ വാദം വളരുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ അനന്തരഫലം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാത്രം ജനങ്ങളെ ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ വിസ്മരിക്കുകയും ചെയ്യുന്നവരെ തങ്ങള്‍ക്കും വേണ്ടെന്ന് ചിന്തിക്കുന്നവര്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. താനുള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ഊണും ഉറക്കവും ഒഴിവാക്കി അധ്വാനിക്കുന്നവരായിരുന്നു പഴയ രാഷ്ട്രീയ പ്രവര്‍ത്തകരെങ്കില്‍ ഇന്നവര്‍ രാഷ്ട്രീയത്തൊഴിലാളികളായി മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെങ്കില്‍ അവര്‍ക്ക് പ്രതിഫലം ലഭിച്ചിരിക്കണം. പാര്‍ട്ടികള്‍ ഇന്ന് ജാഥകളുടെ വലിപ്പം കൂട്ടുന്നത് ആളുകളെ വാടകക്കെടുത്താണ്. ഈ രാഷ്ട്രീയാപചയവും മൂല്യത്തകര്‍ച്ചയും ആത്യന്തികമായി ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ്. അരാഷ്ട്രീയ വാദം ആപത്താണെന്ന് നേതാക്കള്‍ അടിക്കടി ഓര്‍മപ്പെടുത്തുമ്പോള്‍, അതിന്റെ വളര്‍ച്ചക്ക് വഴിതെളിയിക്കുന്നത് തങ്ങളുടെ കോര്‍പറേറ്റ് സേവയും ജനവിരുദ്ധ നയങ്ങളുമാണെന്ന സത്യം അവര്‍ ഓര്‍ക്കുന്നില്ല. രാഷ്ട്രത്തോടും രാഷ്ട്രം ഉള്‍ക്കൊള്ളുന്ന ജനങ്ങളോടുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വവും കടപ്പാടുമുണ്ടാകേണ്ടത്. കോര്‍പറേറ്റുകളോട് വിധേയത്വം പുലര്‍ത്താത്ത ഒരു രാഷ്ട്രീയ ശൈലിയും നയങ്ങളും രുപപ്പെടുത്തുന്നതിലൂടെ മാത്രമേ ഇത് നിറവേറ്റാനുള്ള ആര്‍ജവം കൈവരികയുള്ളൂ.