Connect with us

Ongoing News

കോടികള്‍ തട്ടിയ ബേങ്ക് പ്രസിഡന്റ് അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: പുത്തൂര്‍ സഹകരണബേങ്കില്‍ കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയ ബേങ്ക് പ്രസിഡന്റ് സുരേഷ് കാക്കനാട്ടിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ സി ഐയുടെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഇന്നലെ ഉച്ചക്കാണ് പ്രതിയെ പിടികൂടിയത്. ബേങ്കില്‍ നടന്ന നിരവധി വായ്പാതട്ടിപ്പുകളില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യമായി നാട്ടില്‍വന്നു മടങ്ങുന്നതിനിടെയാണ് പ്രതി പോലീസ് വലയിലായത്.
15 വര്‍ഷം തുടര്‍ച്ചയായി ബേങ്ക് പ്രസിഡന്റായിരുന്ന സുരേഷ് ബേങ്കില്‍ വായ്പയെടുക്കാനെത്തുന്നവരുടെ ആധാരങ്ങളുപയോഗിച്ച് വ്യാജപ്പേരുകളില്‍ വായ്പയെടുത്തുവരുന്നതായി പരാതികളുണ്ടായിരുന്നു. ഇത്തരം പതിനഞ്ചോളം പരാതികളാണ് ഒല്ലൂര്‍ പോലീസിനു ലഭിച്ചിരുന്നത്.
പരാതിക്കാരില്ലാത്ത നിരവധി തട്ടിപ്പുകളും ഇയാള്‍ നടത്തിയതായി പറയുന്നു. ഏജന്റുമാര്‍ മുഖേന വായ്പക്കായി എത്തുന്നവരുടെ ആധാരങ്ങള്‍ കൈവശപ്പെടുത്തി രേഖകളില്‍ ഒപ്പിടുവിച്ചശേഷം വായ്പാത്തുക നഗരത്തില്‍ എത്തിക്കാമെന്നുപറഞ്ഞ് അപേക്ഷകരെ മടക്കിയയക്കുകയായിരുന്നു പതിവ്. പിന്നീട് ഇതേ ആധാരങ്ങളുപയോഗിച്ച് മൂന്നും നാലും ഇരട്ടിത്തുകയുടെ വായ്പകളെടുക്കുകയാണ് ഇയാളുടെ രീതി. തുടര്‍ന്ന് അപേക്ഷകനുവേണ്ട തുക ഏജന്റ് മുഖേന എത്തിക്കും. ആധാരം വാങ്ങി വായ്പയെടുത്ത് തുകയൊന്നും നല്‍കാത്ത സംഭവവും പുറത്തായിരുന്നു. സഹകരണവകുപ്പിന്റെ ഓഡിറ്റിംഗില്‍ ബേങ്കില്‍ നടന്ന നിരവധി ക്രമക്കേടുകള്‍ പുറത്തായിരുന്നു. തുടര്‍ന്ന് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇദ്ദേഹത്തിന് അയോഗ്യത കല്‍പ്പിച്ചു. എന്നാല്‍ കോടതിയില്‍നിന്നു സ്‌റ്റേ ഉത്തരവുവാങ്ങിയ സുരേഷ് വീണ്ടും ഭരണസമിതിയില്‍ തിരിച്ചെത്തുകയായിരുന്നു.
സഹകരണ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയില്‍ 120 ലധികം ക്രമക്കേടുകള്‍ പുറത്തുവന്നിട്ടുണ്ട്. ജില്ലാ സഹകരണബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുടെ കൂടെ ഉത്തരേന്ത്യന്‍ പര്യാടനം നടത്തുമ്പോഴാണ് സുരേഷിനെതിരെയുള്ള തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.