പ്രൊഫഷനല്‍ സൈക്കിളിംഗ് റെയ്‌സ് അബുദാബിയില്‍ നടക്കും

Posted on: December 26, 2014 8:03 pm | Last updated: December 26, 2014 at 8:03 pm

cyclingഅബുദാബി: ഏഷ്യ ടൂര്‍ കാലണ്ടറിന്റെ ഭാഗമായി യു സി ഐ(യൂണിയന്‍ സൈക്ലിസ്റ്റെ ഇന്റര്‍നാഷനലെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ സൈക്കിളിംഗ് റെയ്‌സ് അടുത്ത വര്‍ഷം അബുദാബിയില്‍ നടക്കും. അബുദാബി സ്‌പോട്‌സ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ എട്ടു മുതല്‍ 11 വരെയാണ് അബുദാബി ടൂര്‍ ചാമ്പ്യനാവാന്‍ ലോകത്തിലെ മികച്ച സൈക്കിളിംഗ് ടീമുകള്‍ മത്സരിക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദുബൈ ടൂര്‍ സൈക്കിളിംഗ് റെയ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം കഴിയുംമുമ്പാണ് പുതിയ സൈക്കിളിംഗ് റെയ്‌സിനായി യു എ ഇയിലെ രണ്ടാമതൊരു നഗരവും ഒരുങ്ങുന്നത്.
ഫോര്‍മുല വണ്‍ കാറോട്ട മത്സരം ഉള്‍പെടെയുള്ളവക്കുള്ള പ്രധാന വേദിയായി അബുദാബി മാറിയിരിക്കയാണെന്ന് അബുദാബി സ്‌പോട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി. ദുബൈ സൈക്കിള്‍ റെയ്‌സ് 2015 ഫെബ്രുവരി നാലു മുതല്‍ ഏഴു വരെയാണ് നടക്കുക. വിവിധ മത്സരങ്ങള്‍, മേഖലയില്‍ സൈക്കിള്‍ സവാരി ജനകീയമാക്കുന്നതില്‍ മഹത്തായ പങ്കാണ് വഹിക്കുന്നത്. സൈക്കിള്‍ സവാരിക്ക് അബുദാബിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ശൈഖ് നഹ്‌യാന്‍ പറഞ്ഞു. ടൂര്‍ ഓഫ് ഒമാന്‍ എന്ന പേരിലും സൈക്കിളിംഗ് മത്സരം നടക്കുന്നുണ്ട്. കൂടാതെ 2002 മുതല്‍ ഖത്തറും ഇത്തരം കായിക മത്സരത്തിന് വേദിയൊരുക്കുന്നുണ്ട്. 2002 മുതലാണ് ഖത്തറില്‍ സൈക്കിളിംഗ് റെയ്‌സ് ആരംഭിച്ചത്. പുരുഷന്മാര്‍ക്കായി ആറു സ്റ്റേജും വനിതകള്‍ക്കായി നാലു സ്റ്റേജുമായാണ് മത്സരം നടത്തുന്നത്. മത്സരത്തിനായി തയ്യാറെടുക്കുന്ന ടീമുകളെ മുന്‍കൂട്ടി ഹാര്‍ദവമായി സ്വാഗതംചെയ്യുന്നതായും ശൈഖ് നഹ്‌യാന്‍ പറഞ്ഞു.