ഐ ജി സി എസ് ഇ പരീക്ഷയില്‍ ഒന്നാമതായി പാക് ബാലിക

Posted on: December 26, 2014 7:45 pm | Last updated: December 26, 2014 at 7:45 pm

&MaxW=640&imageVersion=default&AR-141229545ഫുജൈറ: 160 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തില്‍ അധികം കുട്ടികള്‍ പങ്കെടുത്ത ഐ ജി സി എസ് ഇ കണക്ക് പരീക്ഷയില്‍ ഒന്നാമതായി പാക് ബാലിക ചരിത്രമെഴുതി. കേംബ്രിഡ്ജിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷ നടത്തിയത്. ഫുജൈറ അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥിയായ ആയിശ മേമനാണ് ഈ നേട്ടത്തിന് ഉടമയായത്. ആയിശക്ക് മത്സരപരീക്ഷയിലെ മികവിന് ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കേംബ്രിഡ്ജ് ഔട്ട്സ്റ്റാന്റിംഗ് ലേണര്‍ അവാര്‍ഡ് ലഭിക്കും. ഈ വര്‍ഷത്തെ പരീക്ഷയില്‍ തനിക്ക് അവാര്‍ഡ് നേടാന്‍ സാധിക്കുമെന്ന് അധ്യാപകര്‍ പ്രതീക്ഷിച്ചിരുന്നതായി ആയിശ പ്രതികരിച്ചു. സത്യത്തില്‍ ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തനിക്കും തന്റെ കുടുംബത്തിനും മഹത്തായ അംഗീകാരമാണ് ഇത്തരം ഒരു അവാര്‍ഡെന്നും ഈ മിടുക്കി വ്യക്തമാക്കി.
റാസല്‍ ഖൈമയിലെ ആശുപത്രിയില്‍ പിതാവ് ഡോക്ടറായി ജോലിക്കെത്തിയതോടെയാണ് ആയിശയും മാതാവും ഉള്‍പെടെയുള്ള കുടുംബം യു എ ഇയിലേക്ക് ചേക്കേറിയത്. ഇവിടുത്തെ മികച്ച വിദ്യാഭ്യാസ നിലവാരമാണ് അഭിമാനകരമായ നേട്ടത്തിന് കാരണമായത്. വിദ്യാലയം നല്‍കുന്നത് പഠനം മാത്രമല്ലെന്നും അതോടൊപ്പം കുട്ടികളില്‍ വ്യക്തിത്വ വികസനം ഉള്‍പെടെയുള്ളവ സാധ്യമാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ആയിശ പറഞ്ഞു.