ജില്ലയില്‍ വാഹന പരിശോധനകള്‍ പ്രഹസനം

Posted on: December 25, 2014 10:25 am | Last updated: December 25, 2014 at 10:25 am

കോട്ടക്കല്‍: ജില്ലയിലെ പ്രധാന നിരത്തുകളിലെ വാഹന പരിശോധനകള്‍ പ്രഹസനമാകുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഉപകരണങ്ങളുടെ അഭാവവുമാണ് പ്രധാന കാരണം.
ജില്ലയിലെ ദേശീയപാതയുള്‍പ്പെടെ നാലായി തിരിച്ചുള്ള സ്ഥലങ്ങളിലാണ് പരിശോധനകള്‍ വേണ്ട രീതിയില്‍ നടക്കാത്തത്. ഇത് കുറ്റ കൃത്യങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും പ്രധാന കാരണമാകുകയാണിപ്പോള്‍. പരിശോധനകള്‍ക്കായി ജില്ലയിലെ പ്രധാന പാതകള്‍ നാലായി തിരിച്ചിട്ടുണ്ട്. കിലോ ഒമ്പത്, പത്ത്,11, 12 എന്നിവിടങ്ങളില്‍ ഇപ്പോള്‍ താത്കാലികമായി ഏല്‍പ്പിക്കുന്ന ജീവനക്കാരുടെ പരിശോധനകള്‍ മാത്രമാണ് നടക്കുന്നത്.
കിലോ ഒമ്പതില്‍ വരുന്ന ഇടിമുഴിക്കല്‍- വളാഞ്ചേരി, പത്തിലെ വാളാഞ്ചേരി- പെരിന്തല്‍മണ്ണ, 11ലെ മലപ്പുറം- വഴിക്കടവ്, 12ല്‍ വരുന്ന രാമനാട്ടുകര-കരിങ്കല്ലാത്താണി ഭാഗങ്ങളിലെല്ലാം ഇതാണവസ്ഥ. മൂന്ന് എസ് ഐ, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വനിതാ പോലീസ്, ഡ്രൈവര്‍ എന്നിവരാണ് സംഘത്തില്‍ വേണ്ടത്. എട്ട്മണിക്കൂറാണ് ഒരു സംഘത്തിന് നല്‍കേണ്ടത്.
എന്നാല്‍ ഇത്രയും ആളുകള്‍ ജില്ലയില്‍ ഇല്ലാത്തതിനാല്‍ ഒരു സംഘത്തെ തന്നെ 24 മണിക്കൂര്‍ സേവനത്തിനായി ചുമതലപ്പെടുത്തുകയാണ്. മൂന്ന് സ്ഥിരം എസ് ഐമാര്‍ വേണമെന്നിരിക്കെ ഒരാള്‍ പോലും ഇതിനായി സ്വന്തം ചുമതലയിലില്ല. അതത് ഡി വൈ എസ് പി, എസ് പി എന്നിവര്‍ക്ക് വീതിച്ചു നല്‍കിയിരിക്കുകയാണ് ഈ ചുമതലകള്‍. മലപ്പുറം ഡി വൈ എസ് പിക്ക് കീഴിലാണ് ഒമ്പതിന്റെ ചുമതല. പെരിന്തല്‍മണ്ണ ഡിവൈ എസ് പിക്കാണ് പത്തിന്റേത്. അതത് സ്റ്റേഷന്‍ പരിധിയിലെ പോലീസുകാര്‍ക്കാണ് ഓരോ ഭാഗത്തേയും ചുമതലകള്‍ ഇപ്പോള്‍ നല്‍കുന്നത്.
ഇത് കാരണം പോലീസ് സ്‌റ്റേഷനുകളില്‍ ആളില്ലാതാകുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ സംഘത്തിന് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും സാങ്കേതിക തടസ്സങ്ങളുണ്ട്. ഇതിലേക്കായി സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് പരിഗണിക്കപ്പെട്ടിട്ടില്ല. ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്നത് മറ്റൊരു ദുരിതമാണ്. ജേഴ്‌സി, ടോര്‍ച്ച്, ആള്‍ക്കോമീറ്റര്‍ തുടങ്ങിയവയൊന്നും പരിശോധനാ സംഘത്തിനില്ല. ഉള്ളതാവട്ടെ തകരാറിലായവയുമാണ്. വാഹനപകടങ്ങള്‍ കുറക്കുന്നതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന കാര്യങ്ങള്‍ക്ക് ഉപകരിക്കുന്ന പാത പരിശോധന അധികൃതരുടെ അലംഭാവം കാരണം പ്രഹസനമാകുകയാണിപ്പോള്‍.