Connect with us

Malappuram

10 ലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച; മുഖ്യപ്രതിയും സഹായിയും പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: പത്ത് ലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച ചെയ്ത് വില്‍പ്പന നടത്തിയ ആറംഗ സംഘത്തിലെ മുഖ്യപ്രതിയും സഹായിയും പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി.
ചെറുകര പാറക്കല്‍ മുക്ക് സ്വദേശി ചോലക്കാട്ട് തൊടി അന്‍വര്‍ അലി എന്ന അന്‍വര്‍ (28), വേങ്ങര കുന്നുംപുറം തോട്ടശ്ശേരിയറ പുത്തനത്ത് വീട്ടില്‍ അബ്ദുല്‍ സലാം (41) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മങ്കട-പനങ്ങാങ്ങര (38)ല്‍ ജാറത്തിന് സമീപമുള്ള റോയല്‍ സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. 24 ചാക്ക് ഉണങ്ങിയ കുരുമുളകാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.
മങ്കട പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് അന്വേഷണം പെരിന്തല്‍മണ്ണ സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ഷാഡോ പോലീസും ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കളവ് മുതല്‍ വിറ്റു തീരും മുമ്പെ പ്രതികളെ പിടികൂടാനായത്. ചെറുകര പാറക്കല്‍മുക്കിലും കുന്നംപുറം തോട്ടശ്ശേരിയറ വെച്ചുമാണ് ഇവരെ പോലീസിന് പിടികൂടാനായത്. പിടിയിലായ മുഖ്യപ്രതി മുമ്പ് റബ്ബര്‍ ഷീറ്റ് മോഷണ കേസിലും വാഹന മോഷണ കേസിലും ഉള്‍പ്പെട്ട പ്രതിയാണ്.
2008 ല്‍ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി എന്നീ സ്റ്റേഷന്‍ പരിധികിളിലെ റബര്‍ ഷീറ്റ് മോഷണ കേസിലും 2009 ല്‍ വേങ്ങര സ്റ്റേഷന്‍ പരിധിയിലെ തട്ടികൊണ്ടുപോകല്‍ കേസിലും 2014ല്‍ ചേര്‍പ്പുളശ്ശേരിയിലെ മപ്പാട്ടുകരയില്‍ നിന്നും 407 വാഹനം കളവ് ചെയ്ത കേസിലും ഉള്‍പ്പെട്ട് റിമാന്‍ഡില്‍ കിടന്ന പ്രതി മഞ്ചേരി സബ് ജയിലില്‍ വെച്ച് പരിചയപ്പെട്ട കോട്ടക്കല്‍ സ്വദേശിയേയും കൊടുവള്ളി സ്വദേശിയേയും സഹായിയേയും ചേര്‍ത്താണ് ഈ സംഘം കവര്‍ച്ച നടത്തിയിട്ടുള്ളത്. മൂന്നിന് പുലര്‍ച്ചെ പനങ്ങാങ്ങരയിലെ റോയല്‍ സ്‌പൈസസ്സ് സ്ഥാപനത്തില്‍ കൊടുവള്ളി സ്വദേശി കൊണ്ട് വന്ന വാഹനവുമായി എത്തിയ സംഘം അങ്ങാടിപ്പുറത്ത് തമ്പടിച്ച് പിന്നീട് കടയുടെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സംഘത്തിലെ ഓരോരുത്തരെ കാവല്‍ നിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തിയ ശേഷം കുരുമുളക് കടത്തിയ വാഹനം കുന്നുംപുറം തോട്ടശ്ശേരിയിലെത്തി അവിടെയുള്ള രണ്ടാം പ്രതി അബ്ദുല്‍ സലാമിന്റെ വീട്ടില്‍ സൂക്ഷിച്ച് വെച്ച് പിന്നീട് പല തവണ കടകളിലായി മലപ്പുറം, പാലക്കാട് ജില്ലകളിലെ കടകളില്‍ വില്‍പ്പന നടത്തി വരവെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മുഖ്യ പ്രതി അന്‍വര്‍ അലിയുടെ പേരില്‍ പെരിന്തല്‍മണ്ണ, കൊളത്തൂര്‍ സ്റ്റേഷനുകളില്‍ മണല്‍ കടത്ത് കേസിലും രണ്ടാം പ്രതി അബ്ദുല്‍ സലാമിന്റെ പേരില്‍ വേങ്ങര സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്.
മണല്‍ കടത്തുന്നതിനായി രേഖകളില്ലാത്ത വാഹനങ്ങള്‍ കോട്ടയം, വയനാട് ജില്ലകളില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് എത്തിക്കുന്ന ഒരു സംഘത്തെ കുറിച്ചും പ്രതി പോലീസിന് വിവരം നല്‍കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത സംഘത്തിലെ മറ്റു പ്രതികളെ കുറിച്ചും വാഹനങ്ങളെ കുറിച്ചും അന്വേഷണം നടത്തുമെന്നും സി ഐ പറഞ്ഞു.

Latest