കോഴിക്കോടിനെ പുകയിലരഹിത ജില്ലയാക്കാന്‍ കര്‍മരേഖ

Posted on: December 25, 2014 10:20 am | Last updated: December 25, 2014 at 10:20 am

കോഴിക്കോട്: ജില്ലയെ പുകയിലരഹിത മാതൃകാ ജില്ലയാക്കാനുള്ള പദ്ധതികള്‍ക്ക് രൂപരേഖയായി. പുകയില നിയന്ത്രണ നിയമമായ കോട്പ 2003ലെ വ്യവസ്ഥകള്‍ നടപ്പാക്കി പുകയിലരഹിത ജില്ലയാക്കി മാറ്റുന്നതിനാണ് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കര്‍മരേഖക്ക് രൂപംനല്‍കിയത്. ജില്ലാ കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ പോലീസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗമാണ് കര്‍മരേഖക്ക് രൂപം നല്‍കിയത്.

പദ്ധതിയുടെ മേല്‍നോട്ടത്തിനായി കലക്ടറുടെ അധ്യക്ഷതയിലുള്ള പരിശോധനാ മേല്‍നോട്ട സമിതിക്ക് രൂപം നല്‍കി. ഓരോ പത്ത് ദിവസം കൂടുമ്പോഴും ഈ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
വിവിധ വകുപ്പുകളുടെ കൂട്ടായ്മയില്‍ പുകയിലരഹിത ജില്ലയെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പദ്ധതിയുമായി സഹകരിക്കാന്‍ മറ്റു ഏജന്‍സികളേയും സ്വാഗതം ചെയ്യുന്നുവെന്നും കലക്ടര്‍ പറഞ്ഞു. തൊഴിലിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു പൊതുസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുകയില നിയന്ത്രണ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൃത്യമായ സന്ദര്‍ശനങ്ങളും പരിശോധനകളും നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.