ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാന്‍ സഞ്ജയ് ദത്തിന് 14 ദിവസത്തെ പരോള്‍

Posted on: December 25, 2014 3:32 am | Last updated: December 24, 2014 at 11:33 pm

sanjay dutന്യൂഡല്‍ഹി: ബോളിവുഡ് താരം സഞ്ജയ് ദത്തിന് 14 ദിവസത്തെ പരോള്‍ അനുവദിച്ചു. ക്രിസ്മസും ന്യൂഇയറും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന താരത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് അദ്ദേഹത്തെ പൂനെയിലെ യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചൊവ്വാഴ്ച വൈകി മോചിപ്പിച്ചു.
1993ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന സിനിമാ താരം ഈ വര്‍ഷം നവംബറിലാണ് അവധി അപേക്ഷ നല്‍കിയത്.
ഇതിന് മുമ്പ് ദത്ത് രണ്ടുതവണ ഇളവോടു കൂടിയ അവധി എടുത്തിട്ടുണ്ട്. 2013 നവംബറില്‍ ചികിത്സക്കായി 28 ദിവസം അവധി എടുത്തിരുന്നു.
ഈ വര്‍ഷം ജനുവരിയിലും സമാന അവധി എടുത്തു. രോഗശയ്യയില്‍ കഴിയുന്ന ഭാര്യ മന്യതയെ പരിചരിക്കാനായിരുന്നു രണ്ടാം തവണത്തെ അവധി.
ദത്തിന് ഇടയ്ക്കിടെ ഉദാരമായ വ്യവസ്ഥകളോടെ അവധി അനുവദിക്കുന്നതില്‍ ജയിലില്‍ അസ്വാരസ്യങ്ങളുയര്‍ന്നിരുന്നു. ജയിലില്‍ തനിക്ക് 18 കിലോഗ്രാം തൂക്കം കുറഞ്ഞുവെന്ന് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ സഞ്ജയ് ദത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.