Connect with us

Kerala

സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണത്തില്‍ ആശാവഹമായ കുറവ് വരുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
അപകടങ്ങളുടെ എണ്ണത്തോടൊപ്പം അപകട മരണ നിരക്കും അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണവുമെല്ലാം ഏറെ കുറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 ഒക്‌ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 29,992 റോഡപകടങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ ചേര്‍ക്കാനുണ്ടെങ്കില്‍പോലും ഈ വര്‍ഷം അപകട നിരക്ക് ഏറെ കുറഞ്ഞിട്ടുള്ളതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം 35,215 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്.
2014 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഏകദേശ കണക്കുകള്‍ കൂട്ടിനോക്കിയാല്‍പോലും 2001നു ശേഷം റോഡപകടങ്ങള്‍ ഏറ്റവും കുറവ് 2014ല്‍ ആണെന്നാണ് വ്യക്തമാകുന്നത്. അപകട നിരക്കിനൊപ്പം മരണ നിരക്കും 2014ല്‍ ഏറെ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 3328 പേരാണ് ഈ വര്‍ഷം ഇതുവരെ വ്യത്യസ്ത അപകടങ്ങളില്‍ ജീവന്‍ വെടിഞ്ഞത്. കഴിഞ്ഞ എട്ട് വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഈ വര്‍ഷം അപകടമരണ നിരക്കിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 4258 പേരാണ് ഇത്തരത്തില്‍ മരണപ്പെട്ടത്.
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 2012ല്‍ ആണ് ഏറ്റവും കൂടുതല്‍ അപകട മരണമുണ്ടായത്. 4286 പേരാണ് 2012ല്‍ മരണപ്പെട്ടത്. അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
ഈവര്‍ഷം ഒക്‌ടോബര്‍വരെ 34052 പേര്‍ക്ക് മാത്രമാണ് അപകടങ്ങളില്‍ പരുക്കേറ്റത്. 2012ല്‍ ഇത് 40,346 പേരായിരുന്നു.
അശ്രദ്ധമായ ഡ്രൈവിംഗും ന്യൂജനറേഷന്‍ വാഹനങ്ങള്‍, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ നിരത്തുകളില്‍ പെരുകുന്നതുമാണ് മിക്കപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്.
വാഹനങ്ങളോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും വാഹനങ്ങളുടെ അമിതവേഗതയും റോഡുകളുടെ ശോചനീയാവസ്ഥയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിക്കുന്നതുമെല്ലാം മിക്കപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.