Palakkad
ബസ് തോട്ടത്തിലേക്ക് മറിഞ്ഞു: 23 പേര്‍ക്ക് പരുക്ക്

കൊപ്പം :നെടുങ്ങോട്ടൂരില്‍ സ്വകാര്യ ബസ് തോട്ടത്തിലേക്ക് മറിഞ്ഞു 23 പേര്‍ക്ക് പരുക്ക്. ഇവരില്‍ നിസ്സാര പരുക്ക് പറ്റിയവരെ തിരുവേഗപ്പുറ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. സാരമായി പരുക്ക് പറ്റിയ 7 പേരെ പെരിന്തല്‍മണ്ണയിലെയും വളാഞ്ചേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവേഗപ്പുറ നെടുങ്ങോട്ടൂരില്‍ ഇന്നലെ വൈകീട്ട് അഞ്ചരക്കായിരുന്നു അപകടം. വളാഞ്ചേരിയില്‍ നിന്നും എടപ്പലം കൂരാച്ചിപ്പടി വഴി പുലാമന്തോളിലേക്ക് വരികയായിരുന്നു മിനി ബസാണ് അപകടത്തില്‍ പെട്ടത്.
നെടുങ്ങോട്ടൂര്‍ കാളംചിറ പാടത്തിനു സമീപം ഇലക്ട്രിക് പോസ്റ്റിലിടിച്ചു തോട്ടത്തിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി വിതരണം നിലച്ച സമയത്തായതിനാല്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. സംഭവം അറിഞ്ഞു തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം എ സമദിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
കൊപ്പത്ത് നിന്നും ക്രെയിന്‍ എത്തിച്ചു നാട്ടുകാരാണ് ബസ് പൊക്കിയെടുത്തത്. പട്ടാമ്പിയില്‍ നിന്നും പോലീസും എത്തിയിരുന്നു.