Connect with us

Editorial

നീതി യാചിച്ച് സത്‌നാമിന്റെ കുടുംബം

Published

|

Last Updated

നീതിക്കു വേണ്ടി കേഴുകയാണ് 2012 ആഗസ്ത് നാലിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച ബീഹാര്‍ സ്വദേശി സത്‌നാം സിഗിന്റെ കുടുംബം. മാതാ അമൃതാനന്ദ മയി ഭക്തനായിരുന്ന സത്‌നാം സിംഗിനെ, അമൃതാനന്ദമയിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചു ആഗസ്ത് രണ്ടിന് മഠത്തിലെജീവനക്കാര്‍ പിടിച്ചു പോലീസിലേല്‍പ്പിച്ചതാണ്. തുടര്‍ന്ന് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിലാണത്രെ പോലീസ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ വെച്ച് സഹതടവുകാരന്റെ മര്‍ദനമേറ്റാണ് സത്‌നാം സിംഗ് മരിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലേല്‍പ്പിക്കുന്നതിന് മുമ്പ് സത്‌നാമിനെ പോലീസ് മൂന്നാംമുറക്ക് വിധേയമാക്കിയിരുന്നുവെന്നും, മഠത്തിലെ ജീവനക്കാരും ഇയാളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അന്വേഷണം ഈ ദിശയിലേക്കൊന്നും നീങ്ങാതെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നേറ്റ മര്‍ദനത്തെ മാത്രം ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്. സത്‌നാമിന്റെ ബന്ധുക്കള്‍ ഇതില്‍ സംതൃപ്തരല്ല. സംഭവത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന് വിശ്വാസ്യത പോരെന്ന് ഇവര്‍ മാത്രമല്ല, പൊതുസമൂഹത്തിലെ പലരും ചൂണ്ടിക്കാണിച്ചതുമാണ്.
മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് 2012 ആഗസ്തില്‍ സത്‌നാമിന്റെ പിതാവ് ഹരീന്ദ്ര സിംഗ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു. 2013 ആഗസ്തില്‍ വീണ്ടും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു ഈ ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാറില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണെന്ന് തിങ്കളാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വേദനയോടെ പറയുകയുണ്ടായി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പോലും കൃത്യമായി മറുപടി നല്‍കാതെ എതിര്‍കക്ഷികള്‍ക്ക് സഹായകരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കോടതിയില്‍ പറഞ്ഞ ഗവ. പഌഡര്‍ എന്‍ സുരേഷിനെ മാറ്റി പകരം കേസില്‍ ഹാജരാകാന്‍ അഡ്വക്കറ്റ് ജനറലിനെ നിയോഗിച്ചതും ഈ സന്ദേഹത്തിന് ബലമേകുന്നുണ്ട്. കേസന്വേഷണം അമൃതാനന്ദമയി മഠത്തിനെതിരെ നീളുന്നതുകൊണ്ടാണ് സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാട് എടുക്കുന്നതെന്നാണ് ഹരീന്ദ്രകുമാര്‍ സിംഗ് ആരോപിക്കുന്നത്.
മഠത്തില്‍ വെച്ച് അമൃതാനന്ദമയിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നൊരു കേസ് സത്‌നാംസിംഗിനെതിരെ ഫയല്‍ ചെയ്തിരുന്നു. അങ്ങനെയെങ്കിലും കേസന്വേഷണം തുടങ്ങേണ്ടത് മഠത്തില്‍ നിന്നാണ്. സത്‌നാം എന്ത് അതിക്രമമാണ് അവിടെ കാണിച്ചത്? മഠത്തിലെ ജീവനക്കാര്‍ അയാളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടതാണെങ്കിലും, അന്വേഷണം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒതുങ്ങുന്നത് സന്ദേഹത്തിനിടം നല്‍കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവ. പഌഡര്‍ എന്‍ സുരേഷ് ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കോടതിയെ ബോധിപ്പിച്ചത്. ഇതേച്ചൊല്ലി കേസുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിയോഗിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സുരേഷിനെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തിരുന്നു. സത്‌നാം സിംഗ് മാനസിക രോഗിയാണെന്ന ആരോപണവും അവിശ്വസനീയമാണ്. അമൃതാനന്ദമയി കേന്ദ്രത്തില്‍ എത്തും മുമ്പ് സത്‌നാം വര്‍ക്കല ശിവഗിരി മഠത്തില്‍ പഠനവും ചര്‍ച്ചയുമായി 20 ദിവസത്തോളം താമസിച്ചിരുന്നുവെന്നും അയാള്‍ക്ക് ഒരു മാനസിക പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനിമാര്‍ സാക്ഷ്യപ്പെടുത്തിയതാണ്. എന്നിട്ടും എന്തിന് അയാളെ മാനസികാരോഗ്യ കേന്ദ്രത്തിലെ അക്രമസ്വഭാവമുള്ള അന്തേവാസിക്കൊപ്പം സെല്ലില്‍ താമസിപ്പിച്ചുവെന്ന ചോദ്യവും ഉത്തരം തേടുന്നു.
ആടിനെ പട്ടിയാക്കി തല്ലിക്കൊന്ന കഥയെ അനുസ്മരിപ്പിക്കുന്നതാണ് സത്‌നാംസിംഗിന്റെ മരണം. സംഭവത്തില്‍ എവിടെയോ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് സത്‌നാമിന്റെ ബന്ധുക്കള്‍ക്കൊപ്പം പൊതുസമൂഹവും വിശ്വസിക്കുന്നത്. അമ്മ ഭക്തരായ മാധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും അമ്മ ഭക്തി അഭിനയിക്കുന്ന ചില മന്ത്രിമാരും പറയുന്നത് അപ്പടി വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ട്. മഠത്തിലെ മുന്‍ അന്തേവാസിയും അമൃതാനന്ദമയിയുടെ ശിഷ്യയും സന്തത സഹചാരിയുമായിരുന്ന ഗെയ്ല്‍ ട്രെഡലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗവ.പഌഡര്‍ക്ക് വരെ വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ കേസ് സി ബി ഐക്ക് വിടണമെന്ന പിതാവിന്റെയും ബന്ധുക്കളുടെയും ആവശ്യം തികച്ചും ന്യായമാണ്. ഇത് സത്‌നാമിന്റെ കുടുംബത്തിന്റെ മാത്രമല്ല, സത്യം വെളിച്ചത്തു വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.

---- facebook comment plugin here -----

Latest