പെരിന്തല്‍മണ്ണയിലെ കുടിവെള്ള വിതരണം പുനരാരംഭിച്ചു

Posted on: December 24, 2014 10:36 am | Last updated: December 24, 2014 at 10:36 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ കുടിവെള്ള വിതരണം പുനരാരംഭിച്ചു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചിരുന്ന കരാറുകാര്‍ക്ക് 2013ലെ കുടിശ്ശിക ബില്ലുകള്‍ നല്‍കാത്തത് കാരണം രണ്ടാഴ്ചയിലേറെയായി പെരിന്തല്‍മണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള വിതരണം നിലച്ചിരിക്കുകയായിരുന്നു.
കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുകയില്‍ നിശ്ചിത ശതമാനം സര്‍ക്കാര്‍ നല്‍കിയേക്കുമെന്ന ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം മുതല്‍ കരാര്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. പെരിന്തല്‍മണ്ണയിലെ പമ്പിംഗ് മോട്ടോര്‍ കേട് വന്ന് കുടിവെള്ളം മുടങ്ങിയിരുന്ന അവസ്ഥയിലായിരുന്നു കരാര്‍ ജീവനക്കാര്‍ സമരത്തില്‍ പ്രവേശിച്ചത്. മൂന്നിടവിട്ട ദിവസങ്ങളിലാണ് വാട്ടര്‍ അതോറിറ്റി ഓരോ പ്രദേശങ്ങളിലേക്കും വെള്ളം പമ്പ് ചെയ്യാറ്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് സമയം കൂടുതല്‍ വേണ്ടി വരുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തിനെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുകയായിരുന്നു.
മണലിക്കുഴിതോട്ടം, കക്കൂത്ത് ലക്ഷംവീട്, നാരങ്ങാകുണ്ട്, ജൂബിലി റോഡ്, അങ്ങാടിപ്പുറം ഐ എച്ച് ആര്‍ ഡി സ്‌കൂള്‍ പ്രദേശം, ആശുപത്രിപ്പടി തുടങ്ങിയ സ്ഥലങ്ങളിലാണ് ജനം കുടിവെള്ളത്തിന് ബുദ്ധിമുട്ടിയത്. ജില്ലാ ഗവണ്‍മെന്റാശുപത്രിയില്‍ ജല വിതരണം നിലച്ചതോടെ രോഗികളും രോഗികളുടെ കൂടെ നില്‍ക്കുന്നവരും ബുദ്ധിമുട്ടിലായി. പ്രസവ വാര്‍ഡിലാണ് ഏറെ കഷ്ടപ്പെട്ടത്. അതുപോലെ പെരിന്തല്‍മണ്ണ സബ്ജയിലിലെ ജീവനക്കാര്‍ക്കും കുടിവെള്ളക്ഷാമം മൂലം ബുദ്ധിമുട്ടി.
കേടായി കിടന്നിരുന്ന പമ്പ് എത്രയും വേഗം റിപ്പയര്‍ ചെയ്ത് നഗരത്തിലെ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ സി പി എം കൗണ്‍സിലര്‍മാര്‍ ഇന്നലെ പെരിന്തല്‍മണ്ണയിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിവേദനം നല്‍കി. സി പി എം ഏരിയാ സെക്രട്ടറി വി രമേശന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, വി മോഹനന്‍, വി സുകുമാരന്‍, സി പി രാമദാസ് പ്രസംഗിച്ചു. എം കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എം മുഹമ്മദ്‌സലീം സ്വാഗതവും സി പത്മനാഭന്‍ നന്ദിയും പറഞ്ഞു.