മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

Posted on: December 24, 2014 9:25 am | Last updated: December 24, 2014 at 9:25 am

തൃശൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാവുന്ന സേവന കേന്ദ്രങ്ങളാവുമ്പോഴാണ് അധികാര വികേന്ദ്രീകരണം യഥാര്‍ഥത്തില്‍ പ്രായോഗികമാവുകയെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. കില, തൃശൂര്‍ പ്രസ് ക്ലബ്ബ്, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ മണപ്പുറം ഹോട്ടലില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി സംസ്ഥാനത്ത് ഒരു നിശ്ശബ്ദ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനം ചെവലിടുന്ന തുകയുടെ 40 ശതമാനത്തിലധികം ഇന്ന് ത്രിതല ഗ്രാമപഞ്ചായത്തുകള്‍ മുഖേനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെലവിടുന്ന തുക ഏറ്റവും അര്‍ഹരായവരില്‍ എത്തിച്ചേരുമ്പോഴാണ് വികേന്ദ്രീകരണം വിജയകരമാകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, കില ഡയറക്ടര്‍ പി പി ബാലന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം എസ് അലിക്കുഞ്ഞ്, തൃശൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി എം രാധാകൃഷ്ണന്‍, സെക്രട്ടറി കെ സി അനില്‍കുമാര്‍, കില- കോ- ഓര്‍ഡിനേറ്റര്‍ മോളി തോമസ് പങ്കെടുത്തു. അധികാര വികേന്ദ്രീകരണവും മാധ്യമങ്ങളും എന്ന വിഷയത്തേക്കുറിച്ച് പി വി രാമകൃഷ്ണനും സേവാഗ്രാം – ഗ്രാമ കേന്ദ്രങ്ങളെക്കുറിച്ച് രേണുകുമാറും ക്ലാസെടുത്തു.