മോക്ക് ഡ്രില്‍ നാടകം: അറസ്റ്റ് നടന്നത് നിയമം ലംഘിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: December 24, 2014 2:15 am | Last updated: December 23, 2014 at 11:15 pm

തിരുവനന്തപുരം: പോലീസ് മോക് ഡ്രില്ലിന്റെ ഭാഗമായി ടെക്‌നോ പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് സംശയിക്കുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
പോലീസ് ആസ്ഥാനത്ത് ബോംബ് ഭീഷണി മുഴക്കിയെന്ന പേരിലാണ് ലീലാ ഇന്‍ഫോപാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി എന്‍ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ജനുവരി 20നകം ഇതു സംബന്ധിച്ച് അനേ്വഷണം നടത്തി വിശദീകരണം ഫയല്‍ ചെയ്യണം.
കേസ് ഫെബ്രുവരി രണ്ടിന് പരിഗണിക്കും. ഒരാളെ കസ്റ്റഡിയിലെടുക്കും മുമ്പ് ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തി ക്രിമിനല്‍ നടപടിപ്രകാരം പ്രാഥമിക അനേ്വഷണം നടത്തി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവ് നടപടികളില്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചില്ലെങ്കില്‍ വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് രേഖപ്പെടുത്തിയ ശേഷം മാത്രം അറസ്റ്റ് ചെയ്യണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പരാതിക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കില്‍ അത് സ്ഥാപനത്തിന് തന്നെ ക്ഷീണമാണ്. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ഉത്തരവ് നടപടികളില്‍ പറയുന്നു.
ഡിസംബര്‍ എട്ടിനാണ് പരാതിക്കാരനെ മോക്ഡ്രില്ലിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യ-പത്ര മാധ്യമങ്ങളില്‍ വാര്‍ത്തയായ സംഭവം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചിരുന്നു.