Connect with us

National

ഇന്‍ഷ്വറന്‍സ്, കല്‍ക്കരി ബില്ലുകള്‍ ഓര്‍ഡിനന്‍സ് ആക്കാന്‍ കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ്, കല്‍ക്കരി മേഖലകളിലെ പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും. ഇരു മേഖലകളിലെയും പരിഷ്‌കരണ ബില്ലുകള്‍ രാജ്യസഭയില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. മതം മാറ്റ വിവാദത്തെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ശൈത്യകാല സമ്മേളനം മുഴുവന്‍ തടസ്സപ്പെട്ടിരുന്നു.
സര്‍ക്കാര്‍ എല്ലാ സാധ്യതകളും പരിഗണിക്കുമെന്ന് കേന്ദ്ര ധനസഹമന്ത്രി ജയന്ത് സിന്‍ഹ പ്രതികരിച്ചതോടെയാണ് ഓര്‍ഡിനന്‍സിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന സൂചന ലഭിച്ചത്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കുന്ന കഴിവും വൈദഗ്ധ്യവും നമുക്കാവശ്യമുണ്ട്. അതിനാല്‍ എല്ലാ ബദലിനെ സംബന്ധിച്ചും ചിന്തിക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട എല്ലാ സര്‍വീസുകളും മറ്റും ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇന്‍ഷ്വറന്‍സ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമായതിനാല്‍ എല്ലാ സാധ്യതകളും പരിഗണിക്കുകയാണെന്ന് ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ലോക്‌സഭയിലെ സെലക്ട് കമ്മിറ്റി അംഗീകരിച്ചെങ്കിലും ഇന്‍ഷ്വറന്‍സ് ലോസ് ഭേദഗതി ബില്‍ (2008), ദ കോള്‍ മൈന്‍സ് (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ബില്‍, 2014 എന്നിവ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. രാജ്യസഭയില്‍ എന്‍ ഡി എക്ക് ഭൂരിപക്ഷമില്ലാത്തതിനാലാണിത്.
പരിഷ്‌കരണ നടപടികളുമായി ദൃഢനിശ്ചയത്തോടെ മുമ്പോട്ട് പോകുമെന്നും പാര്‍ലിമെന്റ് സ്തംഭനം കാരണം ഇതില്‍ തടസ്സമോ കാലതാമസമോ വരുത്താന്‍ സമ്മതിക്കില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ലോക്‌സഭ ഐകകണ്‌ഠ്യേന പാസ്സാക്കിയതാണ് കല്‍ക്കരി ബില്‍. എല്ലാ സംശയങ്ങളും തീര്‍ത്തതാണ്. എന്നാല്‍ രാജ്യസഭയുടെ പരിഗണനയില്‍ ഇത് എത്തിക്കുന്നത് തടഞ്ഞു. ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
2008 മുതല്‍ രാജ്യസഭയുടെ പരിഗണനക്കിരിക്കുന്നതാണ് ഇന്‍ഷ്വറന്‍സ് ബില്‍. നിലവിലെ 26 ശതമാനത്തില്‍ നിന്ന് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തുന്നതാണ് ബില്‍. നേരിട്ടുള്ളതും അല്ലാത്തതുമായി വിദേശനിക്ഷേപം ഈ 49 ശതമാനത്തില്‍ പെടും. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാന്‍ കല്‍ക്കരി ബില്‍ പാസ്സാക്കേണ്ടതുണ്ട്. നിലവില്‍ കല്‍ക്കരിപ്പാടങ്ങള്‍ സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest