Connect with us

Gulf

കള്ളക്കേസെന്ന് കണ്ടെത്തി; യുവാവിനെ വെറുതെ വിട്ടു

Published

|

Last Updated

ദുബൈ: സ്‌പോണ്‍സര്‍ കള്ളക്കേസില്‍പെടുത്തിയ മലയാളി യുവാവിനെ കോടതി വെറുതെവിട്ടു. ആറ് വര്‍ഷം ദുബൈയിലെ ഒരു ജിംനേഷ്യത്തില്‍ പരിശീലകനായി ജോലിനോക്കിയിരുന്ന കാസര്‍കോട് സന്തോഷ് നഗറില്‍ മുഹമ്മദ് മുസ്തഫയെയാണ് ദുബൈ കോടതി ക്രമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയത്.
ജിംനേഷ്യത്തില്‍ ജോലി ചെയ്യവെ അവിടെ വെച്ച് പരിചയപ്പെട്ട ഒരു സ്വദേശി അദ്ദേഹം തുടങ്ങുന്ന പുതിയ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പഴയ സ്ഥാപനത്തില്‍ നിന്നും രാജിവെപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. പുതിയ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്ന് രണ്ടുമാസം മാത്രമേ ശമ്പളം കൃത്യമായി ലഭിച്ചുള്ളുവെന്ന് മുസ്തഫ പറയുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളം കിട്ടിക്കൊണ്ടിരുന്നെങ്കിലും കൃത്യതയുണ്ടാരുന്നില്ല. ഒരു ഹെല്‍ത് പ്രോട്ടീന്‍ ഷോപ്പിലെ സെയില്‍സ്മാനായിട്ടായിരുന്നു ജോലി ചെയ്തത്. കുറേ മാസങ്ങള്‍ ശമ്പളം കുടിശ്ശികയാവുകയും വിസ തീരുകയും ചെയ്തപ്പോള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് സ്‌പോണ്‍സര്‍ മുസ്തഫക്കെതിരെ പോലീസില്‍ ക്രമിനല്‍ കേസ് ഫയല്‍ ചെയ്തു. തന്റെ സ്ഥാപനത്തില്‍ നിന്നും രണ്ടു ലക്ഷത്തി എണ്‍പതിനായിരം ദിര്‍ഹമിന്റെ സാധനങ്ങള്‍ വില്‍പന നടത്തി ലഭിച്ച തുക സ്ഥാപന ഉടമക്ക് നല്‍കാതെ സ്വന്തമായി ഉപയോഗിച്ച് വിശ്വാസ വഞ്ചന നടത്തിയെന്നായിരുന്നു കേസ്. തുടര്‍ന്ന് ദുബൈയിലെ അഭിഭാഷകനായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസില്‍ ജാമ്യം എടുക്കുകയും ഒപ്പം തന്നെ ലേബര്‍ കേസ് കോടതിയില്‍ നടത്തുകയും ചെയ്തു. ലേബര്‍ കോടതിയില്‍ നിന്ന് മുസ്തഫക്ക് അനുകൂലമായ വിധി ലഭിക്കുകയും അതനുസരിച്ച് 29,000 ദിര്‍ഹം സ്ഥാപന ഉടമ നല്‍കാന്‍ ഉത്തരവാവുകയും ചെയ്തു. ക്രിമിനല്‍ കേസില്‍ താന്‍ പണാപഹരണം നടത്തിയിട്ടില്ല എന്നു തെളിയിക്കാനാവശ്യമായ എല്ലാ വിധ രേഖകളും അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ചു. തുടര്‍ന്ന് ക്രമിനല്‍ കോടതിയില്‍ നിന്നും മുസ്തഫക്കനുകൂലമായ വിധിയുണ്ടാവുകയുമായിരുന്നു.
ഇപ്പോള്‍ സ്ഥാപനയുടമ കോടതിയില്‍ കെട്ടിവെച്ചിട്ടുള്ള തുക കൈപ്പറ്റിക്കൊണ്ട് വിസ ക്യാന്‍സല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മുസ്തഫ.

Latest