പോലീസ് ചമഞ്ഞ് തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍

Posted on: December 23, 2014 7:35 pm | Last updated: December 23, 2014 at 7:37 pm

ഷാര്‍ജ: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടു പേരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. സാധാരണക്കാരെ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുന്ന സംഘമാണ് പോലീസ് പിടിയിലായത്. പിടിയിലായ രണ്ടു പേര്‍ക്കും തിരിച്ചറിയല്‍ രേഖയുണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. അല്‍ ഹെയ്‌റ, അല്‍ ഗാര്‍ബ് പോലീസ് സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. വ്യാജ ഐ ഡി കാര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് ഇരയായവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ആള്‍ സഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിലൂടെ ഒറ്റക്ക് നടക്കുന്ന ആളുകളെയാണ് കവര്‍ച്ചാ സംഘം ലക്ഷ്യമിട്ടിരുന്നത്. ഇത്തക്കാരില്‍ നിന്നു പേഴ്‌സ്, മൊബൈല്‍ എന്നിവയാണ് പ്രധാനമായും തട്ടിയെടുത്തിരുന്നത്. പോലീസിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിയാത്തവരെയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്.
വ്യാജ പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിച്ച ശേഷം അറബിയിലും ഉറുദുവിലുമായിരുന്നു ഇവര്‍ ഇരകളോട് സംസാരിച്ചിരുന്നത്. പോലീസാണെന്ന നാട്യത്തില്‍ സമീപിക്കുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടണമെന്നും ഇത് വ്യാജന്മാരെ പിടികൂടാന്‍ സഹായകമാവുമെന്നും ഷാര്‍ജ പോലീസ് പറഞ്ഞു.
പോലീസുകാര്‍ ഒരിക്കലും പേഴ്‌സോ, പണമോ, മൊബൈല്‍ ഫോണോ ആവശ്യപ്പെടില്ല. അത്തരത്തില്‍ ആരെങ്കിലും ആവശ്യം ഉന്നയിച്ചാല്‍ പോലീസില്‍ പരാതിപ്പെടണമെന്നും ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു.