Connect with us

Gulf

ശൈഖ് മുഹമ്മദ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശനം നടത്തി. നഗരത്തിലെ സാംസ്‌കാരിക ആകര്‍ഷണ കേന്ദ്രവും കുടുംബങ്ങളുടെ വിനോദകേന്ദ്രവുമായ ഗ്ലോബല്‍ വില്ലേജിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍കൂടിയായിരുന്നു സന്ദര്‍ശനം. വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി. വിവിധ നാടുകളിലെ കാലാരുപങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. ആ നാടുകളുടെ സാംസ്‌കാരികമായ വൈവിധ്യങ്ങളും ഔന്നിത്യവും വിളിച്ചോതുന്നവയായിരുന്നു ഓരോ പവലിയനും. പരമ്പരാഗത വസ്തുക്കളും പവലിയനുകളെ സമ്പന്നമാക്കുന്നുണ്ട്.
പ്രദര്‍ശനത്തിനും സന്ദര്‍ശനത്തിനുമായി ഗ്ലോബല്‍ വില്ലേജില്‍ എത്തിയവര്‍ക്ക് ശൈഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നു.രാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരികമായ പാലം നിര്‍മിക്കുന്നതില്‍ ഇത്തരം ആഘോഷങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. യു എ ഇയിലെ സ്വദേശികള്‍ക്കും ഇവിടെയുള്ള പ്രവാസികള്‍ക്കുമെല്ലാം വിവിധ ദേശങ്ങളിലെ സാംസ്‌കാരിക പൈതൃകം തൊട്ടറിയുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് മഹത്തരമാണ്. പ്രോട്ടോകോളും ഔപചാരികതകളുമില്ലാതെ വിവിധ ദേശത്തെ ജനങ്ങള്‍ക്ക് ഇടപഴകാനും ആഗോള ഗ്രാമം അവസരം ഒരുക്കുന്നുവെന്നത് മഹത്തായ കാര്യമാണ്. ഗ്ലോബല്‍ വില്ലേജിനെ രാജ്യത്തെ പ്രധാന വിനോദകേന്ദ്രമാക്കി ഉയര്‍ത്തുന്നതില്‍ സംഘാടകര്‍ വഹിക്കുന്ന പങ്കിനെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, ഗ്ലോബല്‍ വില്ലേജ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുല്ല എന്നിവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
1997 മുതലാണ് ഗ്ലോബല്‍ വില്ലേജ് ആരംഭിച്ചത്. ഓരോ വര്‍ഷവും ജനങ്ങളുടെ വര്‍ധിച്ച പങ്കാളിത്വമാണ് ഗ്ലോബല്‍ വില്ലേജിനെ നഗരത്തിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാക്കുന്നത്. പോയ വര്‍ഷങ്ങളില്‍ സന്ദര്‍ശകരുടെ ആധിക്യം കണക്കിലെടുത്ത് ഗ്ലോബല്‍ വില്ലേജിന്റെ സയമം ദീര്‍ഘിപ്പിച്ചിരുന്നു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റാണ് ഗ്ലോബല്‍ വില്ലേജിന്റെ സംഘാടകര്‍. ഓരോ ദിവസവും നാല്‍പതിനായിരത്തോളം സന്ദര്‍ശകരാണ് ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവഹിക്കുന്നത്.