പ്രദേശവാസികളുടെ പിന്തുണയുണ്ടെന്ന് സൂചന

Posted on: December 23, 2014 9:02 am | Last updated: December 23, 2014 at 9:02 am

പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സംഘടനകള്‍ക്ക് പ്രദേശവാസികളുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. ആദിവാസികളുടെയും കുടിയേറ്റ കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടായ പരാജയമാണ് മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിക്കാന്‍ കാരണമായതെന്നും പഞ്ചാത്ത് പ്രസിഡന്റ് പറഞ്ഞു.
അട്ടപ്പാടിയില്‍ ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള വീഴ്ചയാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് അക്രമത്തിന് കാരണമെന്നാണ് അഗളി പഞ്ചായത്ത് പ്രസിഡണ്ട് ഇ ജെ ആന്റണി വ്യക്തമാക്കിയത്. ജനകീയ പ്രശ്‌നങ്ങളോട് ഉദ്യോഗസ്ഥ സംവിധാനം മുഖം തിരിഞ്ഞു നില്‍ക്കുന്നതിനാലാല്‍ മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വയനാട്ടിലും കൊച്ചിയിലും മാവോയിസ്റ്റ് അക്രമം നടന്ന സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ ആക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ച് പോലീസ് ഗൗരവത്തോടെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ ആരോപിച്ചു.ആദിവാസി ഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ക്കെതിരെയും അനധികൃത ക്വാറികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെ അക്രമം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.
ഇവിടുത്തെ ജനകീയ പ്രശ്‌നങ്ങള്‍പരിഹരിക്കണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലുള്ള ജനങ്ങളുടെ അമര്‍ഷം മുതലെടുത്താണ് അക്രമം എന്നാണ് സൂചന.