യുവരാജുമായുള്ള കരാര്‍ ബി സി സി ഐ റദ്ദാക്കി

Posted on: December 23, 2014 12:10 am | Last updated: December 23, 2014 at 12:10 am

ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള യുവരാജ് സംഗിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. 2014-2015 വര്‍ഷത്തേക്കുള്ള ബി സി സി ഐ യുടെ കരാര്‍ പട്ടികയില്‍ നിന്ന് യുവ്‌രാജിനെ ഒഴിവാക്കി. യുവരാജിനെ കഴിഞ്ഞ വര്‍ഷം ബി ഗ്രേഡില്‍ നിന്ന് സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയിരുന്നു. മുതിര്‍ന്ന താരങ്ങളായ വിരേന്ദ്ര സേവാഗ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍ എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും യുവിയെ അടുത്ത സീസണിലേക്കുള്ള ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. മഹാരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഇന്നലെ സെഞ്ച്വറി നേടിയ യുവരാജ് പഞ്ചാബിന് ലീഡ് നേടിക്കൊടുത്തിരുന്നു. പുതിയ ഏഴ് കളിക്കാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, പങ്കജ് സിംഗ്, പര്‍വേശ് റസൂല്‍, കുല്‍ദീപ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, കരണ്‍ ശര്‍മ എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ച പുതുമുഖങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി, ഭുവനേശ്വര്‍ കുമാര്‍, സുരേഷ് റെയ്‌ന, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് കരാര്‍ പട്ടികയില്‍ എ ഗ്രേഡില്‍ ഉള്‍പ്പെടുന്നവര്‍. ഒരു കോടി രൂപയാണ് ഇവരുടെ പ്രതിഫലം.