Connect with us

Kozhikode

ചെന്നൈയില്‍ സ്ഥലം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: കൂടുതല്‍ പേര്‍ കുടുങ്ങിയെന്ന് സംശയം

Published

|

Last Updated

കോഴിക്കോട്; ചെന്നൈയില്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച്. അറസ്റ്റിലായ പാലക്കാട് പുതുപ്പരിയാരം പനപ്പന്തല്‍ റോഡില്‍ അനുഗ്രഹ വീട്ടില്‍ പി വിജയകുമാറി (65) നെ വിശദമായി ചോദ്യം ചെയ്താല്‍ ഇതുസംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് ബാബുവിന്റെ പരാതിയിലാണ് വിജയകുമാര്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് ചെന്നൈയില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് 22.5 കോടി രൂപയാണ് വിജയകുമാര്‍ തട്ടിയെടുത്തത്.
അതേസമയം, വിജയകുമാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പരാതിയുമായി തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ആദായ നികുതി വകുപ്പ്, റിസര്‍വ് ബേങ്ക് തുടങ്ങിയവയുടെ വ്യാജ രേഖകളുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചാണ് മുഹമ്മദ് ബാബുവില്‍ നിന്ന് 22.5 കോടി തട്ടിയതെന്നാണ് വിവരം.
ചെന്നൈ ഇഞ്ചംപാക്കം ഇ സി ആര്‍ റോഡില്‍ ഗോള്‍ഡന്‍ ബീച്ചിനടുത്ത് 21 ഏക്കര്‍ സ്ഥലമുണ്ടെന്നും ഇതില്‍ 1.5 ഹെക്ടര്‍ കൊടുക്കാമെന്നും പറഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളിലായിട്ടാണ് 22.5 കോടി രൂപ തട്ടിയെടുത്തത്.
സെന്റിന് 20 ലക്ഷം രൂപ വിലയുണ്ടെന്നും പത്തു ലക്ഷം രൂപക്ക് നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ മുഹമ്മദ് ബാബുവില്‍ നിന്ന് പണം തട്ടിയത്. സ്ഥലം ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതിരുന്നതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുകയും പരാതി നല്‍കുകയും ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ഉടന്‍ നല്‍കുമെന്നും തുടര്‍ന്ന് വിശദമായ അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം അറിയിച്ചു.