വിദ്യാര്‍ഥിനിക്ക് മയക്കുമരുന്ന് നല്‍കി കൂട്ടമാനഭംഗം; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: December 23, 2014 12:48 am | Last updated: December 22, 2014 at 11:49 pm

ചെറുവത്തൂര്‍: സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കലര്‍ത്തിയ ബിയര്‍ നല്‍കി അഞ്ചംഗ സംഘം ഓട്ടോറിക്ഷയിലും മറ്റും വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെയാണ് പ്രണയം നടിച്ച് വശത്താക്കിയ ശേഷം കൂട്ടമായി പീഡിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാല സ്വദേശി റൈജു(24), പിലിക്കോട് പടുവളം സ്വദേശികളായ ഷിംലാല്‍(26), ധനേഷ്(28) എന്നിവരെയാണ് വെള്ളരിക്കുണ്ട് സി ഐ. എം കെ സുരേഷ് കുമാര്‍, ചീമേനി എസ് ഐ. എം വി വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടികിട്ടാനുള്ള ബാക്കി രണ്ടു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടിരുന്ന പെണ്‍കുട്ടിയെ വിളിച്ചുവരുത്തി സുഹൃത്തിന്റെ ഓട്ടോയില്‍ കയറ്റി പല സ്ഥലങ്ങളിലും കറങ്ങി.
ഇതിനിടയില്‍ പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി കുടിക്കാന്‍ നല്‍കി. തുടര്‍ന്ന് ഡ്രൈവറുള്‍പ്പെടെയുള്ളവര്‍ ഓട്ടോറിക്ഷയില്‍ വെച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നു. മറ്റു സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി ചീമേനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിനിയെ പിന്നീട് റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.