സച്ചിന്‍ വീണ്ടും ക്രിക്കറ്റ് ലോകകപ്പ് അംബാസിഡര്‍

Posted on: December 22, 2014 7:07 pm | Last updated: December 23, 2014 at 12:08 am
SHARE

sachin_ads_pti_295ദുബൈ: 2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറായി സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഐ സി സി തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സച്ചിന്‍ ലോകകപ്പിന്റെ അംബാസിഡറാകുന്നത്. 2011 ലെ ലോകകപ്പിലും സച്ചിനായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍. അംബാസിഡറെന്ന നിലയില്‍ ടൂര്‍ണമെന്റിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐ സി സി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സച്ചിന്‍ പങ്കെടുക്കും. അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ലോകകപ്പിന്റെ പ്രചാരണത്തിനായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിന്‍ പ്രതികരിച്ചു. അടുത്തിടെ ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി, ആസ്‌ത്രേലിയന്‍ പേസര്‍ മൈക്കല്‍ ജോണ്‍സണ്‍, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, ആസ്‌ത്രേലിയന്‍ ആള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ എന്നിവരെയും 2015 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി തിരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. കളിക്കാര്‍ക്ക് പ്രചോദനം നല്‍കാന്‍ കഴിയുന്ന ഏറ്റവും യോഗ്യനായ വ്യക്തിയാണ് സച്ചിന്‍ തെന്‍ഡുകള്‍ക്കറെന്ന് ഐ സി സി ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാഡ്‌സണ്‍ പറഞ്ഞു. കളിയോടുള്ള സച്ചിന്റെ അത്മാര്‍ത്ഥത, വ്യക്തിത്വം, പ്രതിഭ, നിരന്തര പ്രയത്‌നം എന്നിവ ക്രിക്കറ്റ് കളിക്കാര്‍ക്ക് മാത്രമല്ല എല്ലാ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.