കനാല്‍ നിര്‍മാണം: ശൈഖ് സായിദ് റോഡില്‍ ബദല്‍ വഴി തുറന്നു

Posted on: December 22, 2014 6:57 pm | Last updated: December 22, 2014 at 6:57 pm

ദുബൈ: ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ശൈഖ് സായിദ് റോഡില്‍ ആറു വരി ബദല്‍ പാത യാഥാര്‍ഥ്യമായി. അബുദാബി ദിശയിലാണ് ബിസിനസ് ബേ മേഖലയില്‍ അര കിലോമീറ്റര്‍ നീളത്തില്‍ ബദല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ശൈഖ് സായിദ് റോഡില്‍ നിന്നു ഇടത്തോട്ട് അല്‍പം തെറ്റി മെയ്ദാന്‍ റോഡ് ബ്രിഡ്ജിന് സമീപത്തുകൂടിയാണ് ബിസിനസ് ബേ മെട്രോ സ്‌റ്റേഷനോട് ചേര്‍ന്നു ബദല്‍ പാത യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്ന് ആര്‍ ടി എ വ്യക്തമാക്കി. പാതയില്‍ നിന്നു ബിസിനസ് ബേയിലേക്ക് പ്രവേശിക്കാന്‍ താല്‍ക്കാലിക വഴിയും സജ്ജമാക്കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ ഇവിടെ ചെറിയ ഗതാഗതക്കുരുക്ക് പ്രകടമായിരുന്നു. ബദല്‍ പാതയിലുള്ള ചെറിയ വളവാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി നടന്നുവന്ന സഫ പാര്‍ക്ക് മേഖലയിലെ വിഭജനം ഉള്‍പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പുര്‍ത്തിയായിരുന്നു.
കനാല്‍ പദ്ധതിയുടെ ഭാഗമായുള്ള ശൈഖ് സായിദ് റോഡിലെ വാഹന ഗതാഗതം തിരിച്ചുവിടല്‍ ഒക്ടോബറിലാണ് ആരംഭിച്ചത്. പുതിയ ഒരു ഷോപ്പിംഗ് സെന്ററും നാലു ഹോട്ടലുകളും 450 റെസ്‌റ്റോറന്റുകളും ആഡംബര വീടുകളും സൈക്കിള്‍ സവാരിക്കുള്ള പാതയും ദുബൈ കനാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒപ്പം സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുമായി പദ്ധതിയുടെ ഭാഗമായി 80,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. കനാലിന്റെ കവാടത്തില്‍ പുതിയ ട്രേഡ് സെന്ററും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദീപായി രൂപാന്തരപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിക്കായി 170 കോടി ദിര്‍ഹത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.