അഞ്ച് കോടിയുടെ പദ്ധതിക്ക് അംഗീകാരം

Posted on: December 21, 2014 10:22 am | Last updated: December 21, 2014 at 10:22 am

മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളില്‍ സംയോജിത സുസ്ഥിര വികസന പദ്ധതി നടപ്പാക്കുന്നതിന് അഞ്ച് കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് സമഗ്ര വികസന പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2015 മാര്‍ച്ച് 31 നകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി പി.കെ ജയലക്ഷ്മി അറിയിച്ചു. 200 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം നേരിട്ട് ലഭിക്കും. അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. 15 വാര്‍ഡുകളുള്ള തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ 56 ശതമാനവും വനമേഖലയാണ്. 4374 പട്ടികവര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന പഞ്ചായത്തില്‍ നിലവിലുള്ള എല്ലാ ആദിവാസി വികസന പദ്ധതികള്‍ക്കും പുറമെയാണ് അഞ്ചുകോടി രൂപയുടെ സംയോജിത സുസ്ഥിര വികസന പദ്ധതി കൂടി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോമ്പാറ, ചുരുളി, മാറാടി, പെരിേേഞ്ചരിമല, പന്നിപ്പാട്, ചാപ്പയില്‍- മുണ്ടയില്‍, കരിങ്കല്‍ഇറ്റിലാടിയില്‍, കാട്ടിയേരി, കാട്ടിമൂല, കാര്‍ക്കൊട്ടില്‍, മട്ടിലയം, അരിമല എന്നീ കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി റോഡ്, കലുങ്ക്, നടപ്പാലം, നടപ്പാത എന്നിവ നിര്‍മ്മിക്കും. വീട്, കക്കൂസ് നിര്‍മ്മാണം, വൈദ്യുത കമ്പിവേലി, ട്രഞ്ച് എന്നിവയുടെ നിര്‍മ്മാണം, വൈദ്യുതീകരണം, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി, ആട്, പശുവളര്‍ത്തല്‍, തയ്യല്‍ മെഷീനുകളുടെ വിതരണം, സാങ്കേതിക വൈദഗ്ദ്ധ്യ പരിശീലനം, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം തുടങ്ങിയവ വ്യത്യസ്ത മേഖലകള്‍ തിരിച്ചായിരിക്കും വികസന പദ്ധതി നടപ്പിലാക്കുക . പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഹാംലറ്റ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം ഒരു കോടി രൂപാ ചെലവില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി ആലക്കല്‍ കോളനിയില്‍ 60 കുടുംബങ്ങള്‍ക്കായി സമഗ്ര വികസന പദ്ധതിയും ഈ വര്‍ഷം നടപ്പാക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന അഞ്ച് മാതൃക കോളനികളില്‍ ഒന്ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.