Connect with us

Kozhikode

മര്‍കസ് എക്‌സ്‌പോ: മാനസിക ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികളുടെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

മര്‍കസ് നഗര്‍: മര്‍കസ് എക്‌സ്‌പോയില്‍ മാനസിക ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. ജീവകാരുണ്യ രംഗത്ത് 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി എക്‌സ്‌പോയിലെത്തിയിരിക്കുന്നത്. വിവിധ വര്‍ണത്തിലുള്ള പൂക്കള്‍, ഗ്ലാസ് പെയിന്റിംഗ്, പെനോയില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മാലകള്‍ തുടങ്ങിയവയാണ് കുട്ടികള്‍ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്.
തുച്ഛമായ വിലയിലാണ് ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കുമാണ് ഉപയോഗപ്പെടുത്തുകയെന്ന് ഹെല്‍ത്ത് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. പൂനൂരില്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളില്‍ നൂറിലധികം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് കീഴില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പഠനരീതികളാണ് അവലംബിച്ചു കൊണ്ടിരിക്കുന്നത്. വിവിധ ചെലവുകളിലായി മാസത്തില്‍ രണ്ട് ലക്ഷം രൂപയാണ് സംഘടന ചെലവഴിക്കുന്നത്.
സ്‌പെഷ്യല്‍ സ്‌കൂളിന് പുറമെ ബ്ലഡ് ഡൊണേഴ്‌സ് ക്ലബ്ബ്, രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്ന ഫീല്‍ഡ് ആന്‍ഡ് റിലീഫ് പദ്ധതി, രോഗികള്‍ക്ക് സൗജന്യ കഞ്ഞി വിതരണം, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പുകള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഹെല്‍ത്ത് കെയര്‍ സൊസൈറ്റിക്ക് കീഴില്‍ നടന്നുവരുന്നത്. ഉദാരമതികളുടെ അകമഴിഞ്ഞ സഹായമാണ് സംഘടയുടെ പ്രവര്‍ത്തനങ്ങളുടെ അടിത്തറയെന്ന് ഭാരവാഹികള്‍ പറഞ്ഞു.