Connect with us

Kerala

താന്‍ സി പി എം വിഭാഗീയതയുടെ ഇരയെന്ന് ലതീഷ് ചന്ദ്രന്‍

Published

|

Last Updated

മണ്ണഞ്ചേരി: കഞ്ഞിക്കുഴിയിലെ സി പി എം വിഭാഗീയതയുടെ ഇരയാണ് താനെന്നും ഒന്നാം പ്രതിയാക്കി കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ച് വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് പി ചന്ദ്രന്‍ രംഗത്തുവന്നു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും ഗൂഢാലോചനയുടെ ഫലമാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് ലതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്താതെ ചില പ്രവര്‍ത്തകരുടെ വിഭാഗീയതയുടെ ഭാഗമായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തത്. ഓരോ കമ്യൂണിസ്റ്റുകാരും പിതൃതുല്യം സ്‌നേഹിക്കുന്ന പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തതില്‍ തനിക്ക് പങ്കില്ല.
യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാടാണ് ശരിയെന്നും തനിക്കും കുടുംബത്തിനും ജീവിക്കാന്‍ പ്രേരണ നല്‍കുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണെന്നും ലതീഷ് പി ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലതീഷ് പി ചന്ദ്രനും പി സാബുവിനും എതിരെ കഴിഞ്ഞ ദിവസം മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി കൊടുത്തിരുന്നു. എന്നാല്‍ ഉണ്ടായ സംഭവം മാത്രമാണ് താന്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞതെന്നും ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ അപാകതയുള്ളതായി തനിക്ക് അഭിപ്രായമില്ലെന്നും ടി കെ പളനി വ്യക്തമാക്കി.

---- facebook comment plugin here -----

Latest