എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിലേക്ക്; അണിയറയില്‍ പടയൊരുക്കം

Posted on: December 21, 2014 2:24 am | Last updated: December 21, 2014 at 8:18 am

Ramesh-Chennithala-VM-Sudheeran-Oommen-Chandyതിരുവനന്തപുരം: മദ്യനയത്തിലെ മാറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തുവരുന്നു. നയംമാറ്റത്തെ ശക്തിയായി വിമര്‍ശിച്ച കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തുവന്നു. നയംമാറ്റവുമായി ബന്ധപ്പെട്ട് പ്രത്യേക മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനത്തെ എതിര്‍ത്ത് പരസ്യ പ്രതികരണം നടത്തിയ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇരു ഗ്രൂപ്പുകളും ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ്. കെ പി സി സി അധ്യക്ഷന്റെ നിലപാടുകള്‍ സര്‍ക്കാറിനെ പൊതുജനമധ്യത്തില്‍ മോശമാക്കി ചിത്രീകരിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നാണ് ഇരു ഗ്രൂപ്പുകളുടെയും പരാതി. മന്ത്രിമാരുള്‍പ്പെടെ എ ഗ്രൂപ്പ് നേതാക്കളാണ് പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയത്.
നിരന്തരം സര്‍ക്കാറുമായി ഏറ്റുമുട്ടുന്ന കെ പി സി സി അധ്യക്ഷന്‍ പല വിഷയങ്ങളിലും പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനെക്കാളും മോശമായാണ് പ്രതികരിക്കുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പക്ഷം. കെ പി സി സി അധ്യക്ഷന്റെ ഈ നിലപാടുകളുമായി സര്‍ക്കാറിന് ഒത്തുപോകാനാകില്ല. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം സുധീരന് മാത്രമായിരിക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കളുടെ ശ്രമം. നയംമാറ്റത്തോട് ഐ ഗ്രൂപ്പ് സഹകരിക്കുന്ന സാഹചര്യത്തില്‍ സുധീരന്റെ എതിര്‍പ്പ് മറികടക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണക്കുകൂട്ടുന്നത്.
യു ഡി എഫ് സര്‍ക്കാറിനെ നിലനിര്‍ത്തേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നിരിക്കെ പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ സുധീരന്റെ പ്രസ്താവന സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുമെന്ന കുറ്റപ്പെടുത്തലുമായി കെ പി സി സി ഉപാധ്യക്ഷന്‍ എം എം ഹസന്‍ ഇന്നലെ പരസ്യമായി രംഗത്തെത്തി. തീരുമനങ്ങളെടുക്കുമ്പോള്‍ വിയോജിപ്പുകളുണ്ടാകുമെന്നും ഇതുകാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം പുനഃപരിശോധിക്കില്ലെന്നും മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി. ഒരു ലോബിക്കും സര്‍ക്കാര്‍ കീഴടങ്ങിയിട്ടില്ല. സുധീരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. സുധീരനെ വിമര്‍ശിച്ച എം എം ഹസന് മറുപടിയുമായി ടി എന്‍ പ്രതാപന്‍ രംഗത്തെത്തിയിട്ടുണ്ട്. എം എം ഹസന്റെ നടപടി വസ്തുതയറിയാതെയാണെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.
മദ്യനയം അടുത്ത ദിവസങ്ങളില്‍ യു ഡി എഫിലും കെ പി സി സിയിലും വന്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കും. അതേസമയം, മദ്യനയം അട്ടിമറിക്കപ്പെട്ടതിലുളള അതൃപ്തി സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഹൈക്കോടതി വിധി മറികടന്നാണെന്നത് ശ്രദ്ധേയമാണ്. അടച്ചുപൂട്ടിയ ബാറുകളുടെ ലൈസന്‍സിന് തുടര്‍ച്ചയായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
വിദേശ മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണമെന്ന വിധിന്യായത്തെ മറികടന്നാണ് അടച്ചുപൂട്ടിയ ബാറുകളില്‍ പഴയ ലൈസന്‍സില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അടച്ചുപൂട്ടിയ 418 ബാറുകള്‍ക്കൊപ്പം തുറന്നു പ്രവര്‍ത്തിക്കുന്ന 292 ബാറുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി ലഭിക്കും. ഇതോടെ ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിന് പകരം മദ്യം തിരിച്ചുവരവിന് വഴിയൊരുങ്ങാനാണ് സാധ്യത.