Connect with us

National

ദേവയാനിയെ നയതന്ത്ര ചുമതലയില്‍ നിന്ന് ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിയമ നടപടി നേരിട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ വിദേശകാര്യ മന്ത്രാലയത്തിലെ ചുമതലകളില്‍ നിന്നൊഴിവാക്കി. അനുവാദം കൂടാതെ മാധ്യമങ്ങളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നടപടി. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പ് ഡിവിഷന്‍ ഡയറക്ടറാണ് ദേവയാനി. ഈ ചുമതലയില്‍ നിന്നാണ് ദേവയാനിയെ നീക്കിയത്. ദേവയാനിക്കെതിരെ വിജിലന്‍സ് കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചുമതലയില്‍ നിന്നൊഴിവാക്കി അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്.
മക്കള്‍ക്ക് യു എസ് പാസ്‌പോര്‍ട്ട് ഉണ്ടെന്ന കാര്യം സര്‍ക്കാറില്‍ നിന്ന് മറച്ചുവെച്ചുവെന്ന ആരോപണവും ദേവയാനി നേരിടുന്നുണ്ട്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടെ ദേവയാനി പറഞ്ഞിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ടിന്റെ വിവരത്തെ കുറിച്ച് ന്യൂയോര്‍ക്കില്‍ അറസ്റ്റിലായി ഒരു മാസത്തിനു ശേഷം മാത്രമേ സര്‍ക്കാറിനെ അറിയിച്ചുള്ളൂവെന്ന കാര്യം ദേവയാനി സമ്മതിച്ചിട്ടുണ്ട്. വിസാ ചട്ടങ്ങള്‍ ലംഘിക്കല്‍, ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ദേവയാനിക്കെതിരെ അമേരിക്ക കേസ് രജിസ്റ്റര്‍ ചെയ്തത്. 1999 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അറസ്റ്റ് ചെയ്തതും വിവസ്ത്രയാക്കി പരിശോധിച്ചതും വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഇന്ത്യ- യു എസ് നയതന്ത്ര ബന്ധം വഷളാകുന്നതിന് വരെ ഇത് കാരണമായി. പിന്നീട് ഇവരെ ഇന്ത്യയിലേക്ക് മടങ്ങാന്‍ യു എസ് അനുവദിക്കുകയായിരുന്നു.