Connect with us

Kasargod

ഭൂമി കുംഭകോണം: കാസര്‍കോട് നഗരസഭക്കും വിജിലന്‍സിനും ഹൈക്കോടതി നോട്ടീസ്‌

Published

|

Last Updated

കാഞ്ഞങ്ങാട്: അലാമിപ്പള്ളിയില്‍ ബസ്സ്റ്റാന്‍ഡിനും സ്റ്റേഡിയത്തിനും സ്ഥലം അക്വയര്‍ ചെയ്തത് മറയാക്കി നടന്ന കോടികളുടെ ഭൂമികുംഭകോണത്തെക്കുറിച്ചും അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ച സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് ഒഴിവാക്കി കൊടുത്തു എന്ന് വ്യാജ തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തിയതിനെകുറിച്ചും കേരള ഹൈക്കോടതി കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി യോടും കാഞ്ഞങ്ങാട് നഗരസഭയോടും വിശദീകരണം ആവശ്യപ്പെട്ടു.
ഭൂമി കുംഭകോണത്തെയും മിനുട്‌സ് തിരുത്തലിനെയും കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ സി പി എമ്മിലെ കെ രവീന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് പി ഉബൈദാണ് എതിര്‍ കക്ഷികളായ വിജിലന്‍സ് ഡി വൈ എസ് പി, കാഞ്ഞങ്ങാട് നഗരസഭക്കുവേണ്ടി നഗരസഭ സെക്രട്ടറി, കൗണ്‍സിലിനുവേണ്ടി ചെയര്‍പേഴ്‌സണ്‍, മുനിസിപ്പല്‍ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടത്.
ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ക്രിസ്തുമസ് അവധിക്ക് ശേഷം കോടതി തുറക്കുന്ന മുറക്ക് വിശദീകരണം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഭൂമികുംഭകോണത്തെയും മിനുട്‌സ് തിരുത്തലിനെയും കുറിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്താന്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും വിശദീകരണം തേടാനാണ് കോടതി തീരുമാനിച്ചത്.
നഗരസഭ അഭിഭാഷകന്‍ വിപിന്‍ ദാസ് ഈ സമയം കോടതിയിലുണ്ടായിരുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ കൗണ്‍സിലിനുമുള്ള കോടതി നോട്ടീസ് വിപിന്‍ദാസ് കൈപ്പറ്റിയിട്ടുണ്ട്. അലാമിപ്പള്ളിയില്‍ ഭൂമി ഏറ്റെടുത്തതു മുതല്‍ ഇതുവരെയുള്ള നടപടിക്രങ്ങളുടെ ഏതാണ്ട് എല്ലാ രേഖകളും സ്ഥലത്തിന്റെ വിശദമായ പ്ലാനും മറ്റും ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 1996 ല്‍ സ്ഥലം അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നഗരസഭക്ക് നല്‍കിയ ഉത്തരവ് നഗരസഭ സര്‍ക്കാരിന് അയച്ചു കൊടുത്ത കത്ത്, മിനുട്‌സ് തിരുത്തിയ 2009 ജുലായ് 16ന്റെ കൗണ്‍സില്‍ യോഗ തീരുമാനത്തിന്റെ കോപ്പി, ഓഡിറ്റ് റിപ്പോര്‍ട്ട്, 2014 ആഗസ്റ്റ് 22 ന് നടന്ന കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സ് കോപ്പി തുടങ്ങിയവ ഹൈക്കോടതിയില്‍ ഹാജരാക്കിയ പ്രധാനപ്പെട്ട രേഖകളാണ്.

---- facebook comment plugin here -----

Latest