തിരഞ്ഞെടുപ്പില്‍ മികവ് കാണിക്കാത്ത നേതാക്കളുടെ കസേര തെറിക്കും: അമിത്ഷാ

Posted on: December 20, 2014 12:26 am | Last updated: December 20, 2014 at 12:26 am

പാലക്കാട്: തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പില്‍ മികവ് കാണിക്കാത്ത നേതാക്കളുടെ കസേര തെറിപ്പിക്കുമെന്ന ഭീഷണിയുമായി അമിത്ഷാ. ഇന്നലെ പാലക്കാട് ചേര്‍ന്ന ബി ജെ പി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
സംസ്ഥാനത്ത് അനുകൂലമായ സാഹചര്യമുണ്ടായിട്ടും നിയമസഭയില്‍ ബി ജെ പിക്ക് പ്രാതിനിധ്യമില്ലാത്തതില്‍ കടുത്ത ഭാഷയിലാണ് അമിത്ഷാ വിമര്‍ശിച്ചത്. ഇനിയും ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പാര്‍ട്ടിതലപ്പത്ത് നിലവിലെ നേതാക്കളെ ഒരു വിധത്തിലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വരുന്ന തദ്ദേശസ്വയഭരണ തിരെഞ്ഞടുപ്പ് ബി ജെ പിയുടെ കാലമായി കണക്കാക്കി പ്രവര്‍ത്തിക്കാനും അമിത്ഷാ നേതാക്കളോട് ആഹ്വാനം ചെയ്തു. ഓരോ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെയാക്കുന്നതിനും അവരുടെ വിജയസാധ്യതകളെക്കുറിച്ചും വിശദമായ പഠനം നടത്താനും അമിത്ഷാ യോഗത്തില്‍ ആവശ്യപ്പെട്ടു. ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള സംഘം തദ്ദേശസ്വയം ഭരണസ്ഥാപന തിരെഞ്ഞടുപ്പില്‍ മുന്‍വരിയിലുണ്ടാകും. ഇവരെ സഹായിക്കുകയെന്ന ദൗത്യമാണ് ബി ജെ പിക്കുള്ളത്.
താഴെത്തട്ടില്‍ സ്വാധീനമുണ്ടാക്കിയാല്‍ നിയമസഭയും ലോകസഭയും പാര്‍ട്ടിക്ക് ലഭ്യമാകുമെന്നാണ് അമിത്ഷായുടെ കണക്ക് കൂട്ടല്‍. പാലക്കാട് നഗരസഭയിലും തിരുവനന്തപുരം കോര്‍പറേഷനിലും അനുകൂലസാഹചര്യമുണ്ടായിട്ടും ഭരണം പിടിച്ചെടുക്കാത്തത് നേതാക്കളുടെ പിടിപ്പുകേട് മൂലമാണെന്നാണ് അമിത്ഷായുടെ വാദം. ഈ വരുന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കള്‍ക്കെല്ലാം ഓരോ ജില്ലയിലും ചുമതല നല്‍കും. ചുമതല നല്‍കുന്ന ജില്ലകളില്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്ന ജയം ലഭ്യമാക്കിയാല്‍ മാത്രമേ നേതാക്കള്‍ക്ക് സ്ഥാനം ലഭിക്കുകയുള്ളൂവെന്നും അമിത്ഷാ യോഗത്തില്‍ അറിയിച്ചു. 2016ല്‍ നടക്കുന്ന നിയമസഭ തിരെഞ്ഞടുപ്പില്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ രൂക്ഷ ഭാഷയിലാണ് അമിത്ഷാ വിമര്‍ശിച്ചത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമേ ഇനിയുള്ളൂവെന്നും നേതാക്കളുടെ പരാതികളും വിഭാഗീയതയും കേള്‍ക്കാന്‍ ഇനി സമയമില്ലെന്നും അറിയിച്ച് കൊണ്ടാണ് അമിത്ഷാ യോഗ നടപടിക്ക് തുടക്കമിട്ടത്.