Connect with us

Ongoing News

ഹാരിസണ്‍ ഭൂമിവില്‍പ്പന: വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി

Published

|

Last Updated

പത്തനംതിട്ട: ഹാരിസണ്‍ മലയാളം ഇന്ത്യ ലിമിറ്റഡിന്റെ അധീനതയിലായിരുന്ന പാട്ട ഭൂമി അനധികൃതമായി മറിച്ചു വില്‍ക്കുന്നതിന് മട്ടാഞ്ചേരി സബ് രജിസ്്ട്രാര്‍ ഓഫീസില്‍ നടന്ന തിരിമറിയെ സംബന്ധിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് റവന്യു വകുപ്പ് പൂഴ്ത്തി. ബ്രിട്ടീഷ് കമ്പനിയുടെ കൈവശമായിരുന്ന പാട്ടഭൂമി മറിച്ചു വില്‍ക്കാന്‍ സഹായിച്ച കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ശിപാര്‍ശ. ഈ നടപടിയാണ് റവന്യു വകുപ്പ് പൂഴ്ത്തിയത്.

കഴിഞ്ഞ വര്‍ഷം ജനുവരി 20ന് സര്‍ക്കാര്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. ഹാരിസണിന്റെ അനധികൃത ഭൂമി ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകളുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കഴിഞ്ഞ സെപ്തംബര്‍ 25ന് വിജിലന്‍സ് ഡയറക്ടര്‍ കൈമാറിയിരുന്നു. എന്നാല്‍ ഇത് റവന്യു വകുപ്പിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തുകയായിരുന്നു. ഹാരിസണിന്റെ നാല് ഡയറക്ടര്‍ മാര്‍ക്കെതിരെയും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.
ഹാരിസണ്‍ പ്രസിഡന്റ് വിനയരാഘവന്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ ധര്‍മരാജ്, വൈസ് പ്രസിഡന്റ് വി വേണുഗോപാല്‍, കമ്പനി സെക്രട്ടറി രവി ആനന്ദ് എന്നിവരാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് വിജിലന്‍സ് പ്രതിയാക്കപ്പെട്ടവര്‍. ഇതിന് പുറമെ പുനലൂര്‍ സബ് രജിസ്ട്രാര്‍മാരായിരുന്ന ടി ജെ മറിയം, ജി വിജയകുമാര്‍, പീരുമേട് മുന്‍ സബ് രജിസ്ട്രാര്‍ എന്‍ എം ഗോപിനാഥ് എന്നിവര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ടി കെ വി നായര്‍ എന്ന വ്യക്തിയുടെ പേരില്‍ റെക്കോര്‍ഡ് നമ്പര്‍ 10/85 ആയി തയ്യാറാക്കിയ പവര്‍ ഓഫ് അറ്റോണി പ്രകാരം കൂടുതല്‍ സര്‍വേ നമ്പറുകള്‍ ചേര്‍ത്ത് ബ്രിട്ടീഷ് കമ്പനിയുടെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇത്തരത്തില്‍ മറിച്ചു വിറ്റത് 3500 ഏക്കര്‍ ഭൂമിയാണ്.
കൊല്ലം ജില്ലയിലെ നിക്ഷിപ്ത വനമേഖലയില്‍ ഉള്‍പ്പെടുന്ന അമ്പനാട് എസ്്‌റ്റേറ്റ് ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിക്ക് മറിച്ചു വിറ്റത് ഈ രേഖകള്‍ ഉപയോഗിച്ചാണ്. 1978ല്‍ ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ ഹാരിസണ്‍ കമ്പനി അഞ്ച് വ്യക്തികളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പ്രമുഖനായിരുന്ന പനങ്ങാട്ട് കൊച്ചു കൃഷ്ണമേനോന്‍ വസ്തുവകകള്‍ വില്‍ക്കുന്നതിനായി എറണാകുളം കാര്യര്‍ സ്റ്റേഷന്‍ റോഡിലുള്ള ഗോപാലപിള്ളയുടെ മകന്‍ ടി കെ വി നായര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയതായുള്ള രേഖ കാണിച്ചായിരുന്നു അമ്പനാട് തോട്ടം വില്‍പ്പന നടത്തിയത്. 1985 മാര്‍ച്ച് എട്ടിന് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആണ് തോട്ടം രജിസ്്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ നേരിട്ട് ഹാജരാകാന്‍ കത്തയച്ചെങ്കിലും ആരും എത്തിയിരുന്നില്ല പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ടി കെ വി നായര്‍ എന്ന വ്യക്തിയില്ലെന്ന്് കണ്ടെത്തിയത്.
ടി കെ വി നായര്‍ എന്നത് സാങ്കല്‍പ്പിക കഥാപാത്രമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാരസണ്‍ 1985ലെ 15ാം നമ്പറായി തയ്യാറാക്കിയ പവര്‍ ഓഫ് അറ്റോര്‍ണി റോബര്‍ട്ട് ബ്രിസ്്‌റ്റോ മെമ്മോറിയല്‍ മ്യൂച്വല്‍ ബെനിഫിറ്റ് ഫണ്ട് എന്ന ആധാരമാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തത്.