നിയോലിബറല്‍ കാലവും നവമാധ്യമങ്ങളും

Posted on: December 20, 2014 6:00 am | Last updated: December 20, 2014 at 12:20 am

കമ്പ്യൂട്ടറും ഇലക്‌ട്രോണിക്‌സും ഉപഗ്രഹ സാങ്കേതികവിദ്യയും ചേര്‍ന്ന് വിപുലമാകുന്ന ഇന്‍ഫോര്‍മാറ്റിക്‌സിന്റെ കാലമാണ് നിയോലിബറല്‍ മൂലധന വാഴ്ചയുടെ കാലം. ആധുനിക സമൂഹം വളര്‍ത്തിയെടുത്ത വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളെയും തങ്ങളുടെതായ രീതിയില്‍ പ്രയോജനപ്പെടുത്തിയാണ് നിയോലിബറല്‍ മൂലധനവ്യവസ്ഥ അതിന്റെ അധീശത്വം നിലനിര്‍ത്തിപ്പോരുന്നത്. വിവരവിപ്ലവത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റ് ആശയവിനിമയത്തിനും വിവരങ്ങളുടെയും വാര്‍ത്തകളുടെയും ആഗോളപ്രവാഹത്തിനും അനന്തസാധ്യതകളാണ് തുറന്നുതന്നിരിക്കുന്നത്. ഇത് മൂലധനത്തിന്റെ ആഗോള വ്യാപനത്തിനും നിയന്ത്രണത്തിനുമെന്ന പോലെ അതിനെതിരായ ജനകീയ ഇടപെടലുകള്‍ക്കും പുതിയ അവസരങ്ങള്‍ നല്‍കുന്നുണ്ട്.
തൊഴിലാളിവര്‍ഗത്തിനെതിരായ സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്ര യുദ്ധത്തിന് പ്രചാരണ ഉപാധിയെന്നനിലയില്‍ കോര്‍പറേറ്റുകള്‍ നവമാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനായി പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ തന്നെ ആഗോളമൂലധനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തനനിരതവുമാണ്. എന്നാല്‍, മൂലധനവിരുദ്ധശക്തികള്‍ക്ക് സൈബര്‍ സ്‌പേസിലെ സ്വതന്ത്രമായ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ ഇന്നുണ്ടുതാനും. കോര്‍പറേറ്റ് മൂലധനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമവ്യവസ്ഥക്ക് പുറത്ത് സ്വതന്ത്രമായ ഇടപെടലുകള്‍ക്ക് നവമാധ്യമരംഗം അവസരമേകുന്നുണ്ട്. ഇതിനെ നിയന്ത്രിക്കാനുള്ള അധികാരിവര്‍ഗങ്ങളുടെ നീക്കങ്ങളും ഇതോടൊപ്പം കാണേണ്ടതുണ്ട്. നവ മാധ്യമരംഗത്തെ വിപ്ലവകരമായി ഉപയോഗപ്പെടുത്താന്‍ അധിനിവേശവിരുദ്ധശക്തികള്‍ക്ക് കഴിയും.
സൈബര്‍ സ്‌പേസിലെ സ്വതന്ത്രമായ ഇടപെടലുകള്‍ അധീശത്വശക്തികള്‍ക്കെതിരായ വലിയ ജനമുന്നേറ്റങ്ങള്‍ക്ക് തിരികൊളുത്തുന്നതാണ് മുല്ലപ്പൂവിപ്ലവത്തിലൂടെ ലോകം ദര്‍ശിച്ചത്. ടുണീഷ്യയിലെ അഴിമതിക്കാരനും സ്വേഛാധിപതിയുമായ സൈനല്‍ ബെന്‍ അലിക്കെതിരെ നവമാധ്യമങ്ങളെ ഉപയോഗിച്ചാണ് ആ രാജ്യത്തെ യുവത വിപ്ലവമുന്നേറ്റം സംഘടിപ്പിച്ചത്. മുഹമ്മദ് വാവുസി എന്ന അഭ്യസ്തവിദ്യനായ തെരുവുകച്ചവടക്കാരന്റെ നാടകീയമായ മരണവും അത് നവമാധ്യമങ്ങള്‍ വഴി ടുണീഷ്യന്‍ ജനമനസ്സുകളിലേക്കെത്തിച്ച സന്ദേശവുമായിരുന്നു പതിനായിരങ്ങളെ തെരുവുകളിലേക്കാനയിച്ചത്. ടുണീസ നഗരം സ്വേഛാധിപത്യത്തിനെതിരെ ഇളകി മറിഞ്ഞത് നവമാധ്യമങ്ങളിലൂടെയുളള പ്രചാരണ സാധ്യതകളെ ഉപയോഗിച്ച ഐ ടി തൊഴിലാളികളുടെയും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരുടെയും ബോധപൂര്‍വമായ ഇടപെടലുകളുടെ ഫലമായിട്ടായിരുന്നു.
ഈജിപ്തിലെ തെഹ്‌രി സ്‌ക്വയറിലേക്ക് മുല്ലപ്പൂവിപ്ലവത്തിന്റെ ആഹ്വാനം കേട്ട് ലക്ഷങ്ങള്‍ ഒഴുകിയെത്തിയതും നവമാധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങള്‍ വായിച്ചും അറിഞ്ഞുമാണ്. ഡല്‍ഹിയിലെ നിര്‍ഭയ എന്ന വിദ്യാര്‍ഥിനിക്കുനേരെ നടന്ന ക്രൂരമായ ബലാത്സംഗത്തിനോടുള്ള പ്രതിഷേധം നഗരത്തെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭമാക്കി മാറ്റുന്നതില്‍ നവമാധ്യമങ്ങള്‍ സുപ്രധാനമായ പങ്കാണ് വഹിച്ചത്. കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ ഹോട്ടലിനുനേരെ സദാചാരഗുണ്ടകള്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധകൂട്ടായ്മകള്‍ രൂപപ്പെടുത്തിയതും ഏകോപിപ്പിച്ചതും നവമാധ്യമങ്ങള്‍ വഴിയാണ്.
സാമൂഹിക മാധ്യമങ്ങളെന്നും നവമാധ്യമങ്ങളെന്നും വിവക്ഷിക്കുന്ന ഈയൊരു മേഖലയിലെ ഇടപെടലിനെ പലരും സിറ്റിസണ്‍ ജേര്‍ണലിസം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മൂലധനാധിപത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ വാര്‍ത്താ തമസ്‌കരണത്തെയും പക്ഷപാതിത്വത്തെയും മറികടക്കാന്‍ സാധാരണക്കാര്‍ക്ക് നവമാധ്യമങ്ങള്‍ തുണയാകുകയാണ്. പൊതുജനാഭിപ്രായ രൂപവത്കരണത്തില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ തിരിച്ചറിഞ്ഞ വലതുപക്ഷ ശക്തികള്‍ വന്‍ തോതില്‍ ഇതിനെ ഉപയോഗിക്കാനുള്ള സന്നാഹങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരാലും വെറുക്കപ്പെട്ട മോദിയെ സ്വീകാര്യനാക്കി തീര്‍ത്തത് നവമാധ്യമങ്ങള്‍ കൂടി ഉപയോഗിച്ചുള്ള ബിംബനിര്‍മിതിയിലൂടെയാണ്. പുരോഗമനശക്തികള്‍ അലംഭാവരഹിതമായി ലക്ഷ്യബോധത്തോടെ നവ മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. വലതുപക്ഷശക്തികളുടെ പ്രചാരണ ക്യാമ്പയിനും പ്രത്യയശാസ്ത്രവത്കരണത്തിനുമെതിരെ പ്രത്യധീശത്വബോധ നിര്‍മിതിക്കായി ഇടതുപക്ഷം ജാഗ്രതയോടെയുള്ള തങ്ങളുടെ ഇടപെടല്‍ ശക്തിപ്പെടുത്തണം. വംശീയവും സ്ത്രീ വിരുദ്ധവുമായ തീവ്ര വലതുപക്ഷ ആശയങ്ങളുടെ കൂടി പ്രചാരണ മണ്ഡലമായി നവമാധ്യമങ്ങളെ ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ജനാധിപത്യശക്തികള്‍ ഗൗരവബോധത്തോടെ തിരിച്ചറിയേണ്ടതുണ്ട്. പ്രതിരോധപരമായ ഇടപെടലുകള്‍ വഴി നവമാധ്യമരംഗത്ത് സഹിഷ്ണുതയുടെയും ജനാധിപത്യത്തിന്റെയും സംവാദാന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.