ആക്രമണ സാധ്യത: തിഹാര്‍ ജയിലില്‍ കനത്ത സുരക്ഷ

Posted on: December 20, 2014 12:02 am | Last updated: December 20, 2014 at 12:10 am

ന്യൂഡല്‍ഹി: പെഷാവറിലെയും സിഡ്‌നിയിലെയും കൂട്ടകൊലയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കുന്നു. തിഹാര്‍ ജയില്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. അതിനിടെ ലശ്കറെ ത്വയ്യിബയുടെ അടുത്ത ലക്ഷ്യം തിഹാര്‍ ജയിലാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചതായും സൂചനകളുണ്ട്. ലശ്കറെ പ്രവര്‍ത്തകര്‍ തിഹാര്‍ ജയിലിനടുത്ത് താവളമുറപ്പിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ലശ്കര്‍ ആക്രമണ വിവരത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ഡി ഐ ജി മുഖേശ് പ്രസാദ് പറഞ്ഞു. ഇപ്പോള്‍ മൂന്ന് ഭാഗങ്ങളായുള്ള സുരക്ഷ ക്രമീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനി പൗരന്‍മാരും ഉന്നത വ്യക്തിത്വങ്ങളും തീവ്രവാദ കേസില്‍ അകപ്പെട്ടവരും തീഹാര്‍ ജയിലിലുണ്ട്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയും സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രദാ റോയിയും ഇവരില്‍ പെടും. ഡല്‍ഹി നഗരം അതീവ സുരക്ഷാവലയത്തിലാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പെഷാവറിലെയും സിഡ്‌നിയിലെയും ആക്രമണത്തിന് തിരഞ്ഞെടുത്ത പ്രദേശം കണക്കിലെടുത്ത് സ്‌കൂളുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നഗരത്തിലെ പ്രധാനയിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യകം സുരക്ഷ ശക്തമാക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.