ലഖ്‌വിക്ക് ജാമ്യം: ലോക്‌സഭ പ്രമേയം പാസാക്കി; ഞെട്ടലുണ്ടാക്കിയെന്ന് മോദി

Posted on: December 20, 2014 12:09 am | Last updated: December 20, 2014 at 12:09 am

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാഖിഉര്‍റഹ്മാന്‍ ലഖ്‌വിക്ക് പാക്കിസ്ഥാന്‍ കോടതി ജാമ്യം അനുവദിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. ലഖ്‌വിക്ക് ജാമ്യം നല്‍കിയതിനെ അപലപിച്ച് ലോക്‌സഭയില്‍ പ്രമേയം പാസ്സാക്കി. വിദേശ രാഷ്ട്രങ്ങളുടെ ബന്ധം ഉള്‍പ്പെടെയുള്ള അധികാരമുപയോഗിച്ച് ഈ വിഷയത്തില്‍ തൃപ്തികരമായ പരിഹാരം ഉണ്ടാക്കാന്‍ പാക്കിസ്ഥാന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രമേയത്തില്‍ പറയുന്നു.
ലോക്‌സഭാംഗങ്ങള്‍ ഐകകണ്‌ഠ്യേന പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയുടെ വികാരം ശക്തമായ ഭാഷയില്‍ പാക്കിസ്ഥാനെ അറിയിക്കുമെന്നും എം പിമാര്‍ പ്രകടിപ്പിച്ച പ്രതിഷേധത്തെ മാനിച്ച് ഭാവി നടപടി കൈക്കൊള്ളുമെന്നും മോദി പറഞ്ഞു. പെഷാവറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൂട്ടക്കശാപ്പ് നടത്തിയതില്‍ പാക്കിസ്ഥാനുണ്ടായിരുന്ന അതേ വികരമാണ് ഇന്ത്യക്കുമുണ്ടായിരുന്നത്. എല്ലാ ഇന്ത്യക്കാരും കണ്ണീര്‍വാര്‍ത്തു. എന്നാല്‍ അതിന് തൊട്ടുപിന്നാലെയാണ് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കി ഇത്തരം സമീപനം ഉണ്ടാകുന്നത്. അംഗങ്ങളുടെ വികാരം സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഫലിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
തെളിവില്ലെന്ന പാക് കോടതിയുടെ വാദം തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. യാതൊരു വിവേചനവും ഒത്തുതീര്‍പ്പുമില്ലാതെ തീവ്രവാദത്തിനെതിരെ പോരാടുമെന്ന സ്വന്തം പ്രതിജ്ഞയെ അവഹേളിക്കുകയാണ് ഇതിലൂടെ പാക്കിസ്ഥാന്‍ ചെയ്തത്. ജാമ്യം നല്‍കി ലഖ്‌വിയെ മോചിപ്പിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല. പാക് പ്രതികരണം കാത്തിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഴുവന്‍ തിരക്കഥയും പാക്കിസ്ഥാനിലാണ് നടന്നത്. 99 ശതമാനം തെളിവുകളും അവിടെയാണുള്ളത്. ഇവ ശേഖരിക്കാന്‍ പാക് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ആറ് വര്‍ഷമാണ് ലഭിച്ചത്. തെളിവ് കണ്ടെത്തി ഉത്തരവാദികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തേണ്ടത് അവരുടെ ബാധ്യതയാണ്. സുഷമ സ്വരാജ് പറഞ്ഞു.
അതേസമയം, ലഖ്‌വിയെ മോചിപ്പിച്ചിട്ടില്ല. ക്രമസമാധാന പരിപാലന നിയമമനുസരിച്ച് അറസ്റ്റിലായ ലഖ്‌വി, റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ കഴിയുകയാണ്. ജാമ്യത്തിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പാക് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലഖ്‌വിക്ക് ഇസ്‌ലാമാബാദിലെ തീവ്രവാദവിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്.