പരമ്പരാഗത ചികിത്സക്ക് പുതിയ വകുപ്പ് ഉടന്‍; വി എസ് ശിവകുമാര്‍

Posted on: December 19, 2014 9:25 pm | Last updated: December 19, 2014 at 9:26 pm
Ribbon Cut
മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് പ്രഥമ ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ സമീപം

കോഴിക്കോട്: സംസ്ഥാനത്ത് പരമ്പരാഗത ചികിത്സാ രീതികളുടെ പരിപോഷണത്തിന് ആരോഗ്യവകുപ്പ് വിഭജിച്ച് ആയുഷ് (ആയുര്‍വേദ, യൂനാനി, സിദ്ധ, ഹോമിയോ) വകുപ്പ് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നോളജ് സിറ്റിയില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ചികിത്സാ രീതിയോടൊപ്പം പരമ്പരാഗത ചികിത്സാ രീതികള്‍ക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന്റെ ഭാഗമായാണ് പരമ്പരാഗത ചികിത്സക്ക് വേണ്ടി മാത്രമായി പുതിയ വകുപ്പ് തുടങ്ങുന്നത്. ആയുഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പുതിയ സെക്രട്ടറി ചുമതലയേറ്റു കഴിഞ്ഞു. വകുപ്പിന് കേന്ദ്രസഹായം നേടിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളേജാണ് മര്‍കസിന് കീഴില്‍ തുടങ്ങുന്നത്. ഇതര സംസ്ഥാനങ്ങളില്‍ പോയിട്ടാണ് ഇതുവരെ മലയാളികള്‍ യൂനാനി ചികിത്സ പഠിച്ചിരുന്നത്. കേരളവും ഗുജറാത്തും ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങളിലുമായി 50 യൂനാനി മെഡിക്കല്‍ കോളജുകള്‍ നിലവിലുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ 15 യൂനാനി ഡിസ്‌പെന്‍സറികളാണുള്ളത്. അഞ്ച് ഡിസ്‌പെന്‍സറികള്‍ കൂടി ഉടന്‍ തുടങ്ങും -മന്ത്രി പറഞ്ഞു.
മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുന്നു. സി.മോയിന്‍ കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വര്‍ക്കല കഹാര്‍ എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, അഡ്വ. എ.എന്‍.ശംസീര്‍, കെ.സി.അബു, എന്‍.സുബ്രമണ്യന്‍, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, നോളജ് സിറ്റി സി.ഇ.ഒ ഡോ.പി.എം.എ സലാം പ്രസംഗിച്ചു.