Connect with us

Ongoing News

നവീനവാദികള്‍ക്ക് താക്കീതായി ആദര്‍ശ സമ്മേളനം

Published

|

Last Updated

മര്‍കസ് നഗര്‍: ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ വികലമാക്കുന്ന പുത്തന്‍വാദികള്‍ക്ക് താക്കീതു നല്‍കിയും മതത്തില്‍ പുതിയ ഇടെപെടലുകള്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ആദര്‍ശ സമ്മേളനം. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ആദര്‍ശ സമ്മേളനം മുസ്‌ലിം കേരളത്തിലെ ആദര്‍ശ പ്രസ്ഥാനത്തിന്റെ കര്‍മഭടന്‍മാരുടെ സംഗമവേദിയായിരുന്നു. വിശ്വാസത്തിന്റെ ശക്തി കൊണ്ടും ആദര്‍ശത്തിന്റെ കരുത്തുകൊണ്ടും ഇത്തരം ഛിദ്രശക്തികളുടെ ഇടപെടലുകളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ സമ്പൂര്‍ണമായി അവതരിപ്പിക്കപ്പെട്ട മതത്തില്‍ തിരുത്തലുകള്‍ക്ക് ആരും മുന്നിട്ടിറങ്ങേണ്ടതില്ലെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. സമ്മേളനം കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വീകരുടെ പാത പിന്‍പറ്റുന്നവരാണ് സുന്നികളെന്നും നവീനവാദികളുടെ അവകാശവാദങ്ങള്‍ക്ക് ഒരു പിന്‍ബലവും പിന്തുടര്‍ച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആനിന്റെ പിന്‍ബലം പോലുമില്ലാത്ത കാര്യങ്ങളാണ് പുത്തന്‍വാദികള്‍ പ്രചരിപ്പിക്കുന്നതെന്നും ഇസ്‌ലാമിനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും പേരോട് പറഞ്ഞു. ഇസ്ലാമിക ആശയങ്ങള്‍ നിലനില്‍ക്കാന്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലം വേണം. എന്നാല്‍ ഇതൊന്നും പുത്തന്‍പ്രസ്താനക്കാരുടെ പ്രവര്‍ത്തനങ്ങളിലും ആശയങ്ങളിലും കാണാനാവില്ല. മദ്ഹബുകളുടെ ഇമാമുമാരെ പിന്തുടര്‍ന്ന് ഒറ്റക്കെട്ടായാണ് മുസ്‌ലിം ലോകം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ ഇവരില്‍ ഈ പിന്തുടര്‍ച്ചകളൊന്നും കാണാനാവില്ലെന്നും പേരോട് പറഞ്ഞു.
ആദര്‍ശം പറയാന്‍ അവകാശമുള്ളവര്‍ സുന്നികളാണെന്നും ഇത് പറയുമ്പോള്‍ പഴഞ്ചനെന്ന് മുദ്രകുത്തുന്നത് അഭിമാനമായാണ് കാണുന്നതെന്നും കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു. ആദര്‍ശം വിളിച്ചു പറയാന്‍ സുന്നികള്‍ തയ്യാറാകുമ്പോള്‍ പിന്തിരിപ്പന്‍മാന്‍ പിന്‍മാറുന്നത് അവരുടെ ആശയങ്ങള്‍ക്ക് പിന്‍ബലമില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശമെന്ന അനുഗ്രഹം ലഭിച്ചവരാണ് സുന്നികളെന്നും ഇത് പൂര്‍വീകരുടെ പിന്തുടര്‍ച്ചയുടെ കരുത്താണെന്നും ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം പറഞ്ഞു.
അലവി സഖാഫി കൊളത്തൂര്‍, അബ്ദുറഷീദ് സഖാഫി ഏലംകുളം, ഇബ്‌റാഹീം സഖാഫി കുമ്മോളി, അശ്‌റഫ് സഖാഫി പള്ളിപ്പറമ്പ്, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, ജഅ്ഫര്‍ സഖാഫി കൈപ്പമംഗലം, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, കെ എസ് മുഹമ്മദ് സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി തൊഴിയൂര്‍, ശിഹാബ് സഖാഫി കാക്കനാട്, സിദ്ദീഖ് സഖാഫി അരിയൂര്‍, സംബന്ധിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സ്വാഗതവും അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം നന്ദിയും പറഞ്ഞു.