Connect with us

Gulf

ക്രിസ്മസ് എത്തി; അന്നമ്മക്ക് ഇനി തിരക്കിന്റെ നാളുകള്‍

Published

|

Last Updated

അബുദാബി;ക്രിസ്മസ് എത്തിയതോടെ അന്നമ്മക്ക് ഇനി തിരക്കിന്റെ നാളുകള്‍. ക്രിസ്മസ് ട്രീ തയ്യാറാക്കുവാന്‍ അന്നമ്മയുടെ കടയില്‍ പൈന്‍ മരം എത്തിക്കഴിഞ്ഞു. സാധാരണ പ്ലാസ്റ്റിക്ക് മരങ്ങളാണ് എല്ലാവരും ഉപയോഗിക്കാറെങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗുണമേന്‍മയുള്ള പൈന്‍മരം കൊണ്ടുവരുന്നതാണ് അന്നമ്മയുടെ രീതി.

കോട്ടയം വാകത്താനം സ്വദേശിനിയായ അന്നമ്മ വര്‍ഗീസ് ഭര്‍ത്താവ് വര്‍ഗീസിന്റെ സഹായത്തോടെ പത്ത് വര്‍ഷം മുമ്പാണ് അബുദാബി മിനയില്‍ “ഉമ്മുസില്‍സാല്‍” ഗാര്‍ഡന്‍ ഷോപ്പ് ആരംഭിച്ചത്. അന്നമ്മ ജനിച്ചതും വളര്‍ന്നതും, കര്‍ഷക കുടുംബത്തില്‍ കല്യാണം കഴിഞ്ഞ് പോയതും കര്‍ഷക കുടുംബത്തിലേക്ക്. അതു കൊണ്ട് അന്നമക്ക് എപ്പോഴും ചെടികളും മരങ്ങളും കൂടപ്പിറപ്പുകളായിരുന്നു.
അമ്പതോളം ഗാര്‍ഡന്‍ ഷോപ്പുകളുണ്ട് മിനയില്‍. എന്നാല്‍ അന്നമ്മ മാത്രമാണ് വനിതാ വ്യാപാരി. പരേതനായ ഭര്‍ത്താവ് വര്‍ഗീസ് 1988ലാണ് യു എ ഇയിലെത്തിയത്. വര്‍ഗീസിനും ചെടികള്‍ കൂടപ്പിറപ്പുകളായിരുന്നു. ഇവിടെ എത്തിയത് മുതല്‍ അദ്ദേഹവും വിവിധ ഭാഗങ്ങളിലായി ഗാര്‍ഡന്‍ ഷോപ്പുകളിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയില്‍ ഒറിജിനല്‍ പൈന്‍മരം ലഭിക്കുന്ന ഏക സ്ഥാപനമാണ് അന്നമ്മയുടേത്. ചെറുതും വലുതുമായ മരങ്ങളാണ് അമേരിക്കയില്‍ നിന്നും ഇവര്‍ എത്തിച്ചിരിക്കുന്നത്. പ്രത്യേകം മണമുള്ള പൈന്‍മരങ്ങള്‍ ക്രിസ്മസിന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. 300 മുതല്‍ 500 ദിര്‍ഹം വരെയാണ് ഇതിന്റെ വില.
നിരവധി സ്വദേശികളുണ്ട് ഉപഭോക്താക്കളായി. ഭരണ കൂടത്തിലെ പലരും ഉപഭോക്താക്കളാണ്. പച്ചപ്പ് ഹൃദയത്തിന് തണുപ്പും കുളിര്‍മയുമേകുന്നതാണ് ഭര്‍ത്താവിന്റെ കൂടെ ചെടി വ്യാപാരത്തിലിറങ്ങുവാന്‍ അന്നമ്മയെ പ്രേരിപ്പിച്ചത്. അലങ്കാരച്ചെടികള്‍ കൂടാതെ, തണല്‍ മരങ്ങളും, വിവിധയിനം പഴങ്ങളുടെ മരങ്ങളും ഇവരുടെ ഷോപ്പിലുണ്ട്.
അറബി വംശജര്‍ക്കും, ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്കും ഏറെ പ്രിയങ്കരമായ ഒലീവ് മരത്തിന്റെ വിവിധയിനങ്ങളും ഇവിടെയുണ്ട്. ചെടികള്‍ക്ക് പുറമെ ഇവയുടെ വളര്‍ച്ചക്ക് ആവശ്യമായ വളം പ്രോട്ടീന്‍ മണ്ണുകളും ഇവിടെ വില്‍പന നടത്തുന്നുണ്ട്. ഇവരെ സഹായിക്കുന്നതിന് ഇലക്‌ട്രോണിക് എഞ്ചിനീയറായ മകന്‍ അരുണ്‍ വര്‍ഗീസുമുണ്ട്. ജോലി രാജിവെച്ച് വാഷിംഗ്‌ടെണില്‍ നിന്നും എത്തിയാണ് അമ്മക്ക് വ്യാപാരത്തില്‍ തുണയാവുന്നത്. ഏക മകള്‍ അയ്‌സ റോയ് അമേരിക്കയിലെ ചിക്കാഗോയില്‍ ഭര്‍ത്താവ് റോയിയുടെ കൂടെയാണ് താമസം.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി